വ്യക്തിപരമായ വീഴ്ചയ്ക്കു നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല''; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
Kerala
വ്യക്തിപരമായ വീഴ്ചയ്ക്കു നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ല''; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th March 2022, 1:56 pm

കൊച്ചി: പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്കിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്നാണ് അപ്പീലിലെ വാദം. നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാര്‍ പറയുന്നത്.

കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ നിര്‍ദേശിച്ചത്. 25,000 രൂപ കോടതിച്ചെലവ് കെട്ടിവെയ്ക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

കുട്ടിയെ സമൂഹമധ്യത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ആറ്റിങ്ങലില്‍ എട്ടുവയസ്സുകാരി പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായത്. കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും ജനങ്ങളുമായി ഇടപെടുന്നതിന് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതലേ സര്‍ക്കാര്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ മൗലികാവകാശം ലംഘിച്ചിട്ടില്ലെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ട കാര്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇതു നേരത്തെ കോടതി തള്ളിയിരുന്നു.

മൊബൈല്‍മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസിന്റെ പരസ്യവിചാരണ. ഐ.എസ്.ആര്‍.ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്.

ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡി.വൈ.എസ്.പി നല്‍കിയത്.

തുടര്‍ന്ന് ജയചന്ദ്രന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ഓഗസ്റ്റ് 31ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പി ഉത്തരവിട്ടു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടാണ് ഐ.ജിയും റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചത്. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ഐ.ജി പറഞ്ഞത്.