| Sunday, 9th December 2012, 11:30 am

മണല്‍മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു: വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മണല്‍മാഫിയയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ മണല്‍മാഫിയയും ഭൂമാഫിയയും മദ്യമാഫിയയും കൂടുതല്‍ പിടിമുറുക്കുന്ന അവസ്ഥയാണ്  ഉണ്ടായിരക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.[]

ഇത് സംസ്ഥാനത്തെ ദോശകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്നതില്‍ സംശയമില്ല. നിയമങ്ങള്‍ നോക്കുകുത്തിയാവുന്ന അവസ്ഥായാണുള്ളതെന്നും സുധീരന്‍ പറഞ്ഞു.  തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതില്‍ ഭരണസംവിധാനം പരാജയപ്പെടുകയാണ്. അപമാനകരമായ അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളത്. സംസ്ഥാനം പൂര്‍ണമായും മാഫിയ രാജിന്റെ പിടിയിലേക്ക് നീങ്ങുകയാണെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നേരെ മണല്‍ മാഫിയ ആക്രമണം നടത്തിയത് ഇതിന്റെ തെളിവാണെന്നും  അദ്ദേഹം പറഞ്ഞു.

നെഹ്‌റുവും ഇന്ദിരാഗാന്ധിയും നടപ്പാക്കിയ നയങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ചില്ലറവ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതില്‍ കേന്ദ്രം വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നും ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സുധീരന്‍ പറഞ്ഞു.

കോഴിക്കോട് ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാറിന് നേരെ കഴിഞ്ഞ ദിവസം മണല്‍ മാഫിയ ആക്രമണമുണ്ടായിരുന്നു. രഹസ്യമായി മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ കലക്ടറുടെ കാറിന് മീതെ മണ്ണിറക്കി സംഘം രക്ഷപ്പെടുകയായിരുന്നു.

ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ മാങ്കാവ് സ്വദേശി ഋഷി കപൂര്‍, കളക്ടര്‍ക്ക് ബൈക്കില്‍ മാര്‍ഗതടസം സൃഷ്ടിച്ച ഒളവണ്ണ സ്വദേശി ആഷിഖ് എന്നിവരെ പോലീസ് സംഭവത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയില്‍ മണല്‍ക്കടത്ത് രൂക്ഷമായ സാഹചര്യത്തില്‍ മണല്‍ മാഫിയയെ പിടിക്കാനായി പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൃത്യമായ നടപടി അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കളക്ടര്‍ തന്നെ തന്റെ നേതൃത്വത്തില്‍ മണല്‍ മാഫിയയെ പിടിക്കാനായി രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more