| Tuesday, 30th October 2012, 12:25 am

ജയ്പാല്‍ റെഡ്ഡിയെ മാറ്റിയതില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പെട്രോളിയം വകുപ്പിന്റെ ചുമതലയില്‍ നിന്ന് ജയ്പാല്‍ റെഡ്ഡിയെ മാറ്റിയതിനെതിരെ പ്രതിഷേധം പുകയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജയ്പാല്‍ റെഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയതെന്നും ഇതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും അറിയിച്ചു. []

അഴിമതിക്കാരെ സംരക്ഷിക്കുക മാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുന്നതുമാണ് പ്രധാനമന്ത്രിയുടെ നിലപാടെന്നാണ് ആരോപണം. മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ഘടകകക്ഷികളും പരാതിപ്പെട്ടു. മന്ത്രിസഭയ്ക്ക് യുവത്വത്തിന്റെ പരിവേഷം നല്‍കിയെന്ന ആരോപണം പൊള്ളയാണെന്നും വിമര്‍ശനമുണ്ട്. പെട്രോളിയം വകുപ്പില്‍നിന്ന് എസ്. ജയ്പാല്‍ റെഡ്ഡിയെ മാറ്റി താരതമ്യേന അപ്രധാനമായ ശാസ്ത്ര സാങ്കേതിക വകുപ്പ് നല്‍കിയതും വിവാദമായി.

ശാസ്ത്ര സാങ്കേതിക വകുപ്പിലേക്ക് മാറ്റിയതില്‍ ഖേദമില്ലെന്ന് പറയുമ്പോഴും പെട്രോളിയം വകുപ്പിന്റെ ചുമതലയേല്‍ക്കാന്‍ പുതിയ മന്ത്രി എം.വീരപ്പ മൊയ്‌ലി തിങ്കളാഴ്ച രാവിലെ എത്തിയപ്പോള്‍ റെഡ്ഡി ഓഫീസില്‍ എത്തിയിരുന്നില്ല. എന്നാല്‍ വകുപ്പ് മാറ്റത്തില്‍ അദ്ദേഹത്തിന് അതൃപ്തിയില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

ജയ്പാല്‍ റെഡ്ഡിയെ മാറ്റിയതിന് പിന്നിലെ സാഹചര്യം വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. അഴിമതി ആരോപണ വിധേയനായ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ മാറ്റിനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തെ വിദേശകാര്യ മന്ത്രിയാക്കി ഉയര്‍ത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പ്രീതിപ്പെടുത്താനാണ് റെഡ്ഡിയെ മാറ്റിയതെന്നാണ് ആരോപണം. പ്രകൃതിവാതകത്തിന്റെ വില ഉയര്‍ത്താനുള്ള സമ്മര്‍ദത്തെ ചെറുത്തതും ഗോദാവരി തീരത്തെ കെ.ജി.ഡി 6 ബ്ലോക്കില്‍നിന്ന് റിലയന്‍സ് പ്രകൃതിവാതകം ഉത്പാദനം സംബന്ധിച്ച് പരിശോധന നടത്താന്‍ സി.എ.ജിയോട് ആവശ്യപ്പെട്ടതുമാണ് റെഡ്ഡിയെ തെറിപ്പിക്കാന്‍ കാരണമായി പറയുന്നത്.

എന്നാല്‍, വകുപ്പുമാറ്റവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും പ്രധാനമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും റെഡ്ഡി പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more