ന്യൂദല്‍ഹി: രാജ്യത്തെ ഐ.ടി മേഖലയെ ശക്തിപ്പെടുത്താന്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മോദി സര്‍ക്കാര്‍. കമ്പനികള്‍ക്ക് സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം പ്രായോഗികമാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ നിയമ ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം.
പദ്ധതിയ്ക്ക് സഹായകമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുള്ള നീക്കം നവംബര്‍ അഞ്ചിന് ടെലികോം മന്ത്രാലയം ആരംഭിച്ചു.
ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുന്നതിനും അതിന്റെ നടത്തിപ്പ് എളുപ്പമാക്കി മാറ്റുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യത്തെ ടെക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ബി.പി.ഒ, കെ.പി.ഒ, ഐ.ടി.ഇ.എസ് കോള്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഗുണകരമാകുന്നതാണ് തീരുമാനം.
വന്‍ തുക നടത്തിപ്പ് ചെലവില്ലാതെ തന്നെ കമ്പനികള്‍ നടത്തികൊണ്ടു പോകാന്‍ പദ്ധതി സഹായകരമാകും. ഐ.ടി, ബി.പി.ഒ സെന്ററുകള്‍ക്ക് പദ്ധതി ഗുണകരമാകുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ്.ഐ.ടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ പല ഐ.ടി കമ്പനികളിലും ലോക്ഡൗണിന് ശേഷം വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ തുടരുന്നുണ്ട്. എന്നാല്‍ ജീവനക്കാരില്‍ തുടര്‍ച്ചയായുള്ള വര്‍ക്ക് ഫ്രം ഹോം രീതി കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് കമ്പനികള്‍ വ്യപകമായി വര്‍ക്ക് ഫ്രം ഹോം നല്‍കി തുടങ്ങിയത്.
വര്‍ക്ക് ഫ്രം ഹോം ഓപ്ഷനില്‍ കമ്പനി നടത്താന്‍ സാധ്യമായാല്‍ കൂടുതല്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കൂകൂട്ടുന്നത്.
വര്‍ക്ക് ഫ്രം ഹോം ഓപ്ഷനില്‍ കമ്പനി നടത്തുമ്പോള്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇനത്തില്‍ കമ്പനിക്ക് വലിയ മുതല്‍ മുടക്ക് ആവശ്യമാകില്ല എന്നത് കമ്പനികളെ ആകര്‍ഷിക്കുമെന്നും കേന്ദ്രം വിലയിരുത്തുന്നു.