ന്യൂദൽഹി: ഗുസ്തി ഫെഡറേഷന്റെ ഭരണസമിതിയെ സസ്പെൻഡ് ചെയ്യുമ്പോൾ കേന്ദ്ര കായിക മന്ത്രാലയം ശരിയായ പ്രക്രിയകൾ പാലിച്ചിട്ടില്ലെന്നും കോടതിയിൽ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്.
ഫെഡറേഷന്റെ നയങ്ങൾ തെറ്റിച്ചുകൊണ്ട് തിരക്കിട്ട് അണ്ടർ 15, അണ്ടർ 20 ദേശീയ ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചതിന് ഡിസംബർ 24ന് കായിക മന്ത്രാലയം ഭരണസമിതിയെ സസ്പെൻഡ് ചെയ്തിരുന്നു.
ഗുസ്തി ഫെഡറേഷന് പറയാനുള്ളത് കേൾക്കാതെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് സാധിക്കില്ലെന്ന് സഞ്ജയ് സിങ് പറഞ്ഞു.
തങ്ങൾ സർക്കാരുമായി സംസാരിക്കുമെന്നും തീരുമാനം പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
ദേശീയ കായിക സമിതിയുടെ ദൈനം ദിന കാര്യങ്ങൾ നടപ്പാക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
ബജ്റംഗും വിനേഷും സാക്ഷിയും രാഷ്ട്രീയം കളിക്കുകയാണ് എന്നും സഞ്ജയ് സിങ് ആരോപിച്ചു. ഹരിയാനയിലെ അഖാഡ സന്ദർശിച്ച രാഹുൽ ഗാന്ധി ബജ്റംഗുമായി കൂടിക്കാഴ്ച്ച നടത്തിയത് അതിന് തെളിവാണ് എന്നായിരുന്നു സഞ്ജയ് സിങ്ങിന്റെ വാദം.
പത്മശ്രീ തിരികെ നൽകിയ ബജ്റംഗ് പൂനിയയുടെ നടപടിക്കെതിരെയും സഞ്ജയ് സിങ് വിമർശനം ഉന്നയിച്ചു.
‘ഇത് വ്യക്തിപരമാകാം. എന്നാൽ രാജ്യത്തിന്റെ വികാരങ്ങൾ ഖേൽ രത്നയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കേവലം ഒരു വ്യക്തിയുടേതല്ല, മറിച്ച് ഒരു മുഴുവൻ സമൂഹത്തിന് അവകാശപ്പെട്ടതാണ്. റോഡിൽ ഉപേക്ഷിച്ച് പോകാനുള്ളതല്ല പത്മശ്രീ,’ സഞ്ജയ് സിങ്.
ഗുസ്തി താരങ്ങളെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിയായ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ബുഷൻ സിങ്ങിന്റെ അനുയായിയായ സഞ്ജയ് സിങ് ഫെഡറേഷന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
അടുത്ത ദിവസം ബജ്റംഗ് പൂനിയ തന്റെ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ഉപേക്ഷിച്ചു. വിനേഷ് ഫോഗട്ടും തന്റെ ഖേൽ രത്ന പുരസ്കാരവും അർജുന അവാർഡും തിരികെ നൽകിയിരുന്നു.
ഗുസ്തി ഫെഡറേഷന്റെ മേലുള്ള നിരോധനം എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങിന് താൻ കത്ത് എഴുതിയിട്ടുണ്ടെന്നും അനുകൂല മറുപടി പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജയ് സിങ് അറിയിച്ചു.
Content Highlight: Govt. didn’t follow ‘proper procedure’ while suspending WFI: Sanjay