|

വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാണിച്ചിട്ടില്ല; മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന് കേന്ദ്രത്തിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ യു.പി.എ-എന്‍.ഡി.എ സര്‍ക്കാറുകള്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച് കാണിച്ചെന്നൃ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ആരോപണം തള്ളി കേന്ദ്രം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് വ്യക്തമാക്കി.

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെയും (ഐ.എം.എഫ്), ലോക ബാങ്കിന്റെയും കൃത്യമായ രീതികളുപയോഗിച്ചാണ് വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നതെന്നും കേന്ദ്രം അറിയിച്ചു.

‘ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുടെ സഹായത്തോടെയാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ വകുപ്പ് ജി.ഡി.പി വളര്‍ച്ച പ്രസിദ്ധീകരിച്ചത്. യുണൈറ്റഡ് നേഷന്‍സ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ച നാഷണല്‍ അക്കൗണ്ട് സിസ്റ്റം അനുസരിച്ചാണ് ഓരോ സാമ്പത്തിക വര്‍ഷവും വളര്‍ച്ച നിരക്ക് കണക്കാക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. പുതിയ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അവയും ഉള്‍പ്പെടുത്തിയാണ് ജി.ഡി.പി കണക്കാക്കുന്നത്’, മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

യു.പി.എ, എന്‍.ഡി.എ സര്‍ക്കാറുകള്‍ വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച് കാണിച്ചെന്ന മുന്‍ സാമ്പത്തീക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ ആരോപണത്തിലാണ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്. മുന്‍ സര്‍ക്കാറുകള്‍ ജി.ഡി.പി വളര്‍ച്ച 2.5 ശതമാനം വരെ പെരുപ്പിച്ചുകാണിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാരും, 2016-17 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരും ജി.ഡി.പി വളര്‍ച്ച പെരുപ്പിച്ച കണക്കുകളാണ് നല്‍കിയത്. 2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാറുകള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശരാശരി വളര്‍ച്ച 4.5 ശതമാനമായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

ജി.ഡി.പി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചതിന്റെ ഫലമായാണ് സമാനമായി തൊഴില്‍ മേഖലയില്‍ വളര്‍ച്ചയുണ്ടാകാത്തത്. സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന മുരടിപ്പും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2014 മുതല്‍ 2018 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍.