| Thursday, 27th June 2019, 11:12 am

വാജ്‌പേയിക്ക് മന്‍മോഹന്‍ സിങ് നല്‍കിയ ആനുകൂല്യം മന്‍മോഹന് നിഷേധിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസ് സ്റ്റാഫുകളെ വെട്ടിക്കുറിച്ച് മോദി സര്‍ക്കാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെയായിരുന്നു സര്‍ക്കാര്‍ തീരുമാനം.

14 സ്റ്റാഫുകളുണ്ടായിരുന്നത് അഞ്ച് സ്റ്റാഫുകളായി വെട്ടിച്ചുരുക്കുകയായിരുന്നു. രണ്ട് പേഴ്‌സണല്‍ അസിസ്റ്റന്റ്, ഒരു എല്‍.ഡി ക്ലര്‍ക്ക്, രണ്ട് പ്യൂണുകള്‍ എന്നിവയാണ് മന്‍മോഹന്‍ സിങ്ങിന് അനുവദിച്ചിട്ടുള്ളത്. രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നതിന് നാലുദിവസം മുമ്പ് 2019 മെയ് 26നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്.

മന്‍മോഹന്‍ സിങ്ങിന് അനുവദിച്ച ആനുകൂല്യങ്ങള്‍ നീട്ടിനല്‍കാന്‍ പ്രധാനമന്ത്രി മോദി വിസമ്മതിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് മെയ് 26ന് അറിയിച്ചത്.

മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് അഞ്ചുവര്‍ഷം ക്യാബിനറ്റ് മിനിസ്റ്ററുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്ന് 1991-96 കാലത്ത് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ തീരുമാനിച്ചിരുന്നു. 14 അംഗ സെക്രട്ടറിയല്‍ സ്റ്റാഫ്, സൗജന്യ ഓഫീസും ചികിത്സയും, ബിസിനസ് ക്ലാസില്‍ ആഭ്യന്തര വിമാനയാത്ര, ഒരു വര്‍ഷത്തേക്ക് എസ്.പി.ജി കവര്‍ എന്നിവ ഇതില്‍പ്പെടും. എന്നാല്‍ ഈ കാലാവധി കഴിഞ്ഞശേഷവും ഈ ആനുകൂല്യങ്ങള്‍ നീട്ടി നല്‍കുകയാണ് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇതാദ്യമായാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ നിയമം കര്‍ശനമാക്കുന്നത്. കഴിഞ്ഞ സര്‍ക്കാറുകള്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയ്ക്കും നരസിംഹ റാവുവിനും ഐ.കെ ഗുജറാലിനുമെല്ലാം ഈ ആനുകൂല്യങ്ങള്‍ നീട്ടി നല്‍കുകയാണ് ചെയ്തത്.

ആനുകൂല്യം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് 2019 ഫെബ്രുവരി 2ന് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മറുപടിയൊന്നും ലഭിക്കാതായതോടെ മാര്‍ച്ച് 18ന് ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇതിനും മറുപടി ലഭിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കുന്നതായി മെയ് 25ന് ആഭ്യന്തര മന്ത്രാലയം മന്‍മോഹന്‍ സിങ്ങിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ഉത്തരവ് കിട്ടിയ അന്നു തന്നെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിക്ക് എഴുതി. തന്റെ ഓഫീസ് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമുണ്ടെന്നും അറിയിച്ചു. എന്നാല്‍ ഈ ആവശ്യം പ്രധാനമന്ത്രി നിഷേധിച്ചെന്ന് മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര ഫോണില്‍ അറിയിക്കുകയാണുണ്ടായത്.

Latest Stories

We use cookies to give you the best possible experience. Learn more