| Thursday, 7th November 2019, 11:55 pm

നരേന്ദ്ര മോദിയെ 'ഭിന്നിപ്പിക്കലിന്റെ തലവന്‍' എന്നു വിശേഷിപ്പിച്ച് ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകന് കേന്ദ്ര സര്‍ക്കാറിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഇന്ത്യയുടെ ഭിന്നിപ്പിക്കലിന്റെ തലവന്‍’ എന്നു വിശേഷിപ്പിച്ച് ടൈം മാഗസിനില്‍ ലേഖനമെഴുതിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍.

ആതിഷിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ് റദ്ദാക്കന്‍ നീക്കമുണ്ടെന്നും ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. 2019 മെയ് 20ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയിലാണ് പ്രധാനമന്ത്രിയെ വിഭാഗീയതയുടെ തലവനെന്ന് അഭിസംബോധന ചെയ്തത്.

ന്യൂയോര്‍ക്കിലാണ് ആതിഷ് താമസിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചു വിദേശത്തു താമസിക്കുന്നവര്‍ക്ക്  ഇന്ത്യയില്‍ വരാനും എത്ര കാലവും രാജ്യത്ത് നില്‍ക്കാനും അനുമതി നല്‍കുന്നതാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരല്ലാത്ത ഇന്ത്യക്കാരുടെ എല്ലാ അവകാശങ്ങളും ഈ കാര്‍ഡുടമകള്‍ക്കുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിസര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ആതിഷ് ലേഖനമെഴുതിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇതുവരെ ഉണ്ടായതിനേക്കാള്‍ വലിയ വിഭാഗീയതയാണ് നരേന്ദ്ര മോദിക്ക് കീഴില്‍ നേരിടുന്നതെന്നായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം.

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്ഫോടനക്കേസ് ആരോപണവിധേയയായ പ്രജ്ഞ്യാസിംഗ് താക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം ഇവയെല്ലാം ആതിഷിന്റെ ലേഖനത്തില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു.

പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നായിരുന്നു തസീറിന്റെ ലേഖനത്തെ ബി.ജെ.പി വിമര്‍ശിച്ചത്. ആതിഷ് തസീറിന് നേരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണവുമുണ്ടായി.

ആതിഷിന്റെ വിക്കിപീഡിയ പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് ട്വിറ്റര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആതിഷിന്റെ വിക്കിപീഡിയ പേജില്‍, അദ്ദേഹം കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജര്‍ ആണെന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത്, അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പി അനുഭാവികള്‍ ശ്രമിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയും ഇന്ത്യക്കാരിയുമായ തവ്‌ലീന്‍ സിങ്ങിന്റേയും പാകിസ്ഥാന്‍ സ്വദേശിയായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍.

We use cookies to give you the best possible experience. Learn more