| Sunday, 31st March 2024, 10:59 am

സിദ്ധാര്‍ത്ഥന്റെ മരണം; സി.ബി.ഐ അന്വേഷണം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ ചതിച്ചു; ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. സി.ബി.ഐ അന്വേഷണം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ ചതിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കണ്ണില്‍ പൊടിയിടാന്‍ വേണ്ടി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊണ്ട് ഒരു പേപ്പര്‍ ഇറക്കുകയും രണ്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെട്ടു. നടപടി എടുക്കുന്നുണ്ടെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. മൃഗ സംരക്ഷണ വകുപ്പ് പ്രൈവറ്റ് സെക്രട്ടറിയുടെ മകനെ രക്ഷിക്കാനാണ് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മൃഗ സംരക്ഷണ വകുപ്പ് ഒരു നടപടിയും എടുത്തില്ല,’ ജയപ്രകാശ് പറഞ്ഞു.

മകന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാലാണ് 41 ദിവസം ഒന്നും മിണ്ടാതിരുന്നതെന്നും ഇനി ക്ലിഫ് ഹൗസിന് മുന്നില്‍ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മകന്റെ നീതിക്ക് വേണ്ടി ഏത് അറ്റം വരെയും പോരാടും. മകന്റെ മരണത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോക്കുള്ള പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എം.ആര്‍ഷോ എട്ട് മാസത്തോളം കോളേജില്‍ വന്ന് പോകാറുണ്ടായിരുന്നെന്നും ജയപ്രകാശ് പറഞ്ഞു.

പെര്‍ഫോമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയതിനാലാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാത്തത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ഇത്രയും സമയം എടുത്തത്. ഒടുവില്‍ തട്ടിക്കൂട്ടി ഒരു പേപ്പര്‍ ദല്‍ഹിയിലേക്ക് അയച്ച് കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോഴേക്കും പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ഇത് ആര് പറഞ്ഞിട്ടാണ് ചെയ്തതെന്ന് തനിക്ക് അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസ് എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാല അധികൃതരുടെ വീഴ്ചകള്‍ പരിശോധിക്കണമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.

Content Highlight: Govt cheated by promising CBI probe; Jayaprakash said he will protest in front of Cliff House

We use cookies to give you the best possible experience. Learn more