സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഗോവയിലെ മഹിളാമോര്‍ച്ച നേതാവ്
national news
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം; എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഗോവയിലെ മഹിളാമോര്‍ച്ച നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd June 2018, 8:36 am

പനാജി: ഗോവയില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണം വര്‍ധിച്ച് വരുന്നതിനിടെ വിവാദപ്രസ്താവനയുമായി മഹിളാമോര്‍ച്ച നേതാവ്. ഗോവയില്‍ എല്ലാവ്യക്തികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്നും ആളുകളുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടതെന്നും സംസ്ഥാന മഹിളാ മോര്‍ച്ച അദ്ധ്യക്ഷ സുലക്ഷണ സാവന്ത് പറഞ്ഞു.

“എല്ലാവര്‍ക്കും സുരക്ഷ നല്‍കാനാകില്ലെന്നും എന്നാല്‍ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ സംരക്ഷകനോ സംരക്ഷകയോ ആകാന്‍ സാധിക്കുമെന്നും സുലക്ഷണ പറഞ്ഞു.സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ബലാത്സംഗകേസുകള്‍ക്ക് കാരണം പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ തയ്യാറായി മുന്നോട്ട് വരുന്നതിനാലാണെന്നും സുലക്ഷണ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഇരുപതുകാരി ആണ്‍സുഹൃത്തിന് മുന്നില്‍വച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയായതിന് പിന്നാലെ ദക്ഷിണ ഗോവയിലെ ബീച്ചില്‍ ടൂറിസ്റ്റുകള്‍ക്ക് രാത്രി സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദക്ഷിണ ഗോവയിലെ ബേടല്‍ബാടിം ബീച്ചിലാണ് സന്ധ്യ കഴിഞ്ഞുള്ള സന്ദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിന് പിന്നലെയാണ് വിവാദ പ്രസ്താവനയുമായി മഹിളാ മോര്‍ച്ച അദ്ധ്യക്ഷ രംഗത്തെത്തിയത്.