| Friday, 15th February 2019, 6:56 pm

പുല്‍വാമ ഭീകരാക്രമണം; പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. കശ്മീരിലുള്ള ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദല്‍ഹിയില്‍ തിരിച്ചെത്തി ശനിയാഴ്ചയാണ് യോഗം ചേരുന്നത്.

ഇന്ന് മോദിയുടെ വസതിയില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായത്. ഇതാദ്യമായാണ് എന്‍.ഡി.എ സര്‍ക്കാരിന് കീഴില്‍ ഇത്തരമൊരു യോഗം നടത്തുന്നത്.

2016ല്‍ ഭീകരാക്രമണമുണ്ടായതിന് ശേഷം വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പാക് അതിര്‍ത്തിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ കുറിച്ച് വിശദീകരിച്ച് കൊടുക്കുകയാണുണ്ടായത്. എന്നാല്‍ ഇത്തവണ പാകിസ്താനെതിരെ നടപടിയുണ്ടാകുന്നതിന് മുമ്പാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ഏറ്റവും ദുഖകരമായ സാഹചര്യത്തില്‍ സര്‍ക്കാരിനും സൈനികര്‍ക്കുമൊപ്പമാണ് തങ്ങളെന്നും മറ്റൊരു ചര്‍ച്ചയ്ക്കും തങ്ങളില്ലെന്നും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചുവരുത്തിയത്.

We use cookies to give you the best possible experience. Learn more