| Tuesday, 16th September 2014, 6:35 am

ആദിവാസി യുവാവിന്റെ വിവാഹബന്ധം തകരാതിരിക്കാന്‍ സര്‍ക്കാര്‍ ടോയ്‌ലറ്റ് നിര്‍മിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]റാഞ്ചി: ആദിവാസി യുവാവിന്റെ വിവാഹബന്ധം തകരാതിരിക്കാന്‍ റാഞ്ചി സര്‍ക്കാര്‍ വീട്ടില്‍ ടോയ്‌ലറ്റ് പണിത് നല്‍കുന്നു. വീട്ടില്‍ ടോയ്‌ലറ്റ് പണിതില്ലെങ്കില്‍ വിവാഹമോചനം തേടുമെന്ന ഭാര്യയുടെ ഭീഷണി ഭയന്നാണ് മഹാവീര്‍ ഒരാന്‍ എന്ന യുവാവ് പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ പ്രാദേശിക ഭരണകൂടം മഹാവീറിന്റെ വീട്ടില്‍ ടോയ്‌ലറ്റ് പണിത് നല്‍കാനുള്ള നടപടികളെടുക്കുകയായിരുന്നു.

ഒരു വര്‍ഷം മുമ്പാണ് മഹാവീര്‍ വിവാഹിതനായത്. അദ്ദേഹത്തിന്റെ വീട്ടില്‍ ടോയ്‌ലറ്റ് ഇല്ലായിരുന്നു. വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മിക്കണമെന്ന് പലതവണ മഹാവീറിനോട് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം അദ്ദേഹത്തിന് അത് സാധിച്ചില്ല. സഹികെട്ട ഭാര്യ ഒടുക്കം വിവാഹമോചന ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്‌നം മഹാവീര്‍ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

” മഹാവീറിന്റെ അപേക്ഷ തങ്ങള്‍ വളരെ ഗൗരവമായെടുക്കുകയും അദ്ദേഹത്തിന്റെ വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മിച്ചു നല്‍കാന്‍ ഗ്രാമത്തിലെ ജല-ശുചിത്വ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു” ബ്ലോക്ക് വികസന ഓഫീസര്‍ ദേവദാസ് ദത്ത പറഞ്ഞു.

മഹാവീറിന്റെ ഭാര്യയുടെ ധീരമായ നടപടിയെ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള വലിയൊരു കാല്‍വെപ്പാണ് ഈ ദമ്പതികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതെന്നും അവര്‍ നിരീക്ഷിച്ചു.

We use cookies to give you the best possible experience. Learn more