ന്യൂദല്‍ഹി: കോളീജിയത്തിന്റെ ശുപാര്‍ശ പ്രകാരം സുപ്രീം കോടതിയില്‍ “ഏറ്റവും അര്‍ഹനായ ജഡ്ജി” കെ.എം ജോസഫിനെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടയുകയാണെന്ന് മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി ഷാ.
സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കാനുള്ള മെമ്മാറാണ്ടം ഓഫ് പ്രൊസീച്യര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് “നിര്‍ണായക പരീക്ഷണമാവുമെന്നും” അദ്ദേഹം പറഞ്ഞു. ബി.ജി വര്‍ഗീസ് മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജഡ്ജിമാര്‍ അവര്‍ക്കുവേണ്ടി തന്നെയുണ്ടാക്കിയ സുതാര്യമല്ലാത്ത നിയമനരീതിയും കൊളീജിയം സമ്പ്രദായവും ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേസുകള്‍ അനുവദിക്കുന്നതില്‍ പരിഷ്‌കാരം കൊണ്ടുവരാനുള്ള ഏറ്റവും പറ്റിയ അവസരമാണിത്.” ജുഡീഷ്യറിയിലെ എത്രയും പെട്ടെന്ന് പരിഷ്‌കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.
“ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഈ വിഷയങ്ങള്‍ ഏറ്റെടുത്തിരുന്നെങ്കില്‍ അത് നന്നായേനെ. ഈ വിഷയങ്ങളില്‍ ചിലത് ഉന്നയിച്ച ജസ്റ്റിസ് രജന്‍ ഗോഗോയ് ആണ് അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ സാധ്യതയുള്ളത്. ഈ നടപടിക്രമങ്ങള്‍ മാറ്റാന്‍ അദ്ദേഹം ശ്രമിക്കും.” അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡ്യൂട്ടി ലിസ്റ്റ് പരസ്യമാക്കിയതിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “വാര്‍ത്താ സമ്മേളനത്തിനുശേഷം ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലെ ജോലിസമയപ്പട്ടിക പരസ്യമാക്കി. ഒറ്റനോട്ടത്തില്‍ സുതാര്യതയ്ക്കുവേണ്ടിയുള്ള നടപടിയായി തോന്നാം. പക്ഷേ സൂക്ഷ്മമാി നോക്കുമ്പോള്‍, കുറച്ചു ആശങ്കകള്‍ ഉടലെടുക്കുന്നുണ്ട്. ഉദാഹരണമായി സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ടതൊഴികെയുള്ള എല്ലാ പൊതുതാല്‍പര്യ ഹര്‍ജികളും അദ്ദേഹം അദ്ദേഹത്തിന്റെ കീഴില്‍ തന്നെ വെച്ചിരിക്കുകയാണ്.” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“കൂടാതെ സുപ്രീം കോടതിയിലെ പ്രവര്‍ത്തന രീതിയ്ക്കെതിരെ പരസ്യമായി ആശങ്കകള്‍ പ്രകടിപ്പിച്ച നാലു ജഡ്ജിമാരെയും എല്ലാ പ്രധാനപ്പെട്ട കേസുകളില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അയോധ്യാ കേസായാലും ആധാര്‍ കേസായാലും ഭഊമിയേറ്റെടുക്കല്‍ വിവാദമായാലും. “അദ്ദേഹം വ്യക്തമാക്കി.