തിരുവനന്തപുരം: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഭൂമിയേറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടികള്‍ റദ്ദാക്കിയ കോടതി കേസുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജികള്‍ തള്ളുകയും ചെയ്തു. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഇവരുടെ ആവശ്യങ്ങളും കോടതി നിരാകരിച്ചു.
പൊതുജനങ്ങളെ പ്രീതിപ്പെടുത്താനായി നിയമം ലംഘിച്ചുള്ള നടപടി പാടില്ലെന്നും സര്‍ക്കാര്‍ റോബിന്‍ഹുഡിനെപ്പോലെ ആകരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രാജമാണിക്യം മുന്നോട്ടുവച്ച ശുപാര്‍ശകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ സെക്രട്ടറി നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചിരുന്നു. ഫെറാ ആക്ട് (വിദേശനാണ്യ വിനിമയ ചട്ടം), ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ കമ്പനികളുടെ കൈവശം വര്‍ഷങ്ങളായി തുടരുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും നിയമ സെക്രട്ടറി ചൂണ്ടിക്കാട്ടി.
ഹാരിസണ്‍ മലയാളം കൈവശം വച്ചിരിക്കുന്നതില്‍ 38,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു രാജമാണിക്യത്തിന്റെ കണ്ടെത്തല്‍. ഹാരിസണ്‍ പോലെ പൂര്‍ണമായോ ഭാഗികമായോ വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഭൂമിക്കു കൈവശാവകാശമില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷമുള്ള ഭൂമി ഉടമസ്ഥാവകാശ നിയമം, ഫെറ നിയമം എന്നിവ ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ ലംഘിച്ചുവെന്നും ഇതെല്ലാം കണക്കിലെടുത്തു തോട്ടഭൂമി പൂര്‍ണമായി ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യത്തിന്റെ നിലപാട്.
300 പേജുകള്‍ വരുന്ന വിധിന്യായമാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമോ സമരങ്ങളോ കാരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തെറ്റായ നടപടികള്‍ ഉണ്ടാകരുതെന്ന പരാമര്‍ശവും കോടതി നടത്തിയിട്ടുണ്ട്.
അതേസമയം വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്ന് മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് പ്രതികരിച്ചു. ഇനി ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും സുശീലാ ഭട്ട് പറഞ്ഞു.