| Friday, 10th August 2012, 3:09 pm

വിദേശ ഫണ്ട്: അമൃതാനന്ദമയി മഠത്തിനും ബിലീവേഴ്‌സ്‌ ചര്‍ച്ചിനും ലഭിക്കുന്നത് കോടികള്‍, 450 എന്‍.ജി.ഒകള്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2010-12 കാലഘട്ടത്തില്‍ ഒരു കോടിയിലധികം വിദേശ സഹായം കൈപ്പറ്റിയ സംഘടനകളുടെ പേര് വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പരസ്യപ്പെടുത്തി. കേരളത്തിലുള്ള 143 മത-സാമുദായിക സന്നദ്ധ സംഘടകള്‍ക്കാണ് കോടികളുടെ വിദേശ സഹായം ലഭിക്കുന്നത്. []

മാതാ അമൃതാനന്ദമയി മഠവും ബിലീവേഴ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. കെ.ടി യോഹന്നാന്റെ ബീലിവേഴ്‌സ് ചര്‍ച്ചിന് 160 കോടി രൂപയാണ് ലഭിക്കുന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന് ടെക്‌സാസില്‍ നിന്നാണ് കൂടുതല്‍ ധനസഹായം ലഭിച്ചത്. കുഴല്‍ക്കിണര്‍ കുഴിക്കാനെന്ന പേരില്‍ 17.29 കോടി രൂപ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാതാ അമൃതാനന്ദമയി മഠത്തിന് 61 കോടി രൂപയാണ് വിദേശ സഹായം ലഭിക്കുന്നത്. 38 രാജ്യങ്ങളിലെ വ്യക്തികളില്‍ നിന്നാണ് മഠത്തിന് പണം ലഭിച്ചത്.

വാരാപ്പുഴ, തൃശൂര്‍, കൊച്ചി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാല, കോട്ടയം രൂപത തുടങ്ങിയ ക്രൈസ്തവ രൂപതകളും മുസ്‌ലീം സംഘടനകളും ഇക്കൂട്ടത്തിലുണ്ട്. നെയ്യാറ്റിന്‍കര രൂപത,മധ്യകേരള ഇടവക, കൊല്ലം രൂപത എന്നിവര്‍ക്കും കോടികള്‍ ധനസഹായം ലഭിക്കുന്നുണ്ട്.

കേരളത്തിലെ ഒമ്പത് സംഘടനകള്‍ക്ക് 10 കോടിയിലധികം വിദേശ സഹായം ലഭിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫര്‍ എന്ന സംഘടനയ്ക്കാണ് ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 2011-12 കാലഘട്ടത്തില്‍ ഇവര്‍ക്ക് ലഭിച്ചത് 9.6 കോടി രൂപയാണ്.

വിദേശ സഹായം പറ്റുന്ന കേരളത്തില്‍ നിന്നുളള 450 സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ചട്ടങ്ങള്‍ ലംഘിച്ച് പണം കൈപ്പറ്റിയതിനാലാണ് വിലക്കേര്‍പ്പെടുത്തിയത്. മത സംഘടനകള്‍, ആദിവാസി സംഘടനകള്‍, ലൈബ്രറികള്‍, ആശുപത്രികള്‍ എന്നിവ വിലക്കേര്‍പ്പെടുത്തിയവയില്‍പ്പെടുന്നു.

2011-12 കാലയളവില്‍ ഇന്ത്യയിലെ 4139 സംഘടകള്‍ക്കാണ് കോടികള്‍ ധനസഹായം ലഭിച്ചത്. കൂടംകുളം നിലയത്തിനെതിരെ സമരം ചെയ്യുന്ന സംഘടനകള്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more