Advertisement
Daily News
ഫ്‌ളക്‌സ് നിരോധനം: തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 08, 10:56 am
Wednesday, 8th October 2014, 4:26 pm

garland-to-brazil-flex-1[]തിരുവനന്തപുരം: ഫ്‌ളക്‌സ് നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. പൂര്‍ണ നിരോധനം വേണ്ടെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

നിരോധനം ഫ്‌ളക്‌സ് വ്യവസായത്തെ തകര്‍ക്കുമെന്ന അഭിപ്രായം മന്ത്രിസഭാ  യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൂര്‍ണ നിരോധനം വേണ്ടെന്ന് തീരുമാനിച്ചത്. 100 കണക്കിനാളുകള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്. അവരെക്കൂടി വിശ്വാസത്തിലെടുത്തശേഷമേ ഈ നിരോധനം നടപ്പിലാക്കാവൂ. അതിനാല്‍ ഈ തീരുമാനം പുനപരിശോധിക്കേണ്ടതുണ്ടെന്ന അഭിപ്രായം മന്ത്രിസഭയില്‍ ഉയര്‍ന്നു.

ഇതേത്തുടര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് ഫ്‌ളക്‌സ് തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സര്‍ക്കാര്‍ പരിപാടികളിലും, മന്ത്രിമാരുടെ പരിപാടികളിലും ഫ്‌ളക്‌സ് വേണ്ടെന്ന തീരുമാനം തുടരും. അനുമതിയില്ലാതെ ഫ്‌ളക്‌സ് സ്ഥാപിക്കുന്നത് നിയന്ത്രിക്കും. പൊതുസ്ഥലത്തെ ഫ്‌ളക്‌സ് നിരോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച അടുത്ത മന്ത്രിസഭാ യോഗത്തില്‍ നടത്താനും തീരുമാനമായി.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ലൈസന്‍സ് കാലാവധി കഴിയുമ്പോള്‍ നീക്കം ചെയ്യുമെന്നും മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗിക്കില്ലെന്ന് സി.പി.ഐ.എം അറിയിച്ചിരുന്നു. കൂടാതെ സര്‍ക്കാര്‍ തീരുമാനത്തിന് ശക്തമായ പിന്തുണയുമായി കെ.പി.സി.സി നേതാവ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഫ്‌ളക്‌സ് തൊഴിലാളികളില്‍ നിന്നും ചില തൊഴിലാളി സംഘടനകളില്‍ നിന്നും നിരോധനത്തിനെതിരെ ശക്തമായ എതിര്‍പ്പ് വന്നിരുന്നു. ഫ്‌ളക്‌സ് നിരോധനത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കഴിഞ്ഞദിവസം കലക്ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണയ്ക്കിടെ ഒരു തൊഴിലാളി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.