തിരുവനന്തപുരം: കേരളത്തിലെ ജയിലുകളില്‍ തടവില്‍ കഴിയുന്ന കൊടും കുറ്റവാളികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജയില്‍വകുപ്പ് തീരുമാനിക്കുന്നു. മോഷണക്കേസില്‍ തടവില്‍ കഴിയുന്ന കുറ്റവാളികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനും സ്ഥിരം കുറ്റവാളികളേയും ഗുണ്ടകളേയും അവര്‍ക്ക് സ്വാധീനമുള്ള ജയിലുകളില്‍ നിന്ന് നാല് ദിവസത്തിനകം മാറ്റാനാണ് തീരുമാനം.
ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം. കണ്ണൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഗുണ്ടാ ആക്ട് തടവുകാരെ മുഴുവന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതേപോലെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്നരേയും വിയ്യൂരിലേക്ക് തന്നെ മാറ്റിപ്പാര്‍പ്പിക്കും. പകരം അവിടെയുള്ള തടവുകാരെ കണ്ണൂരിലേക്ക് കൊണ്ടുവരുകയും ചെയ്യും.
ഗുണ്ടാ ആക്ടില്‍ പെട്ട തടവുകാരെ ഇനിമുതല്‍ അവരവര്‍ക്ക് സ്വാധീനമുള്ള മേഖലകളിലെ ജയിലുകളില്‍ താമസിപ്പിക്കരുതെന്ന് ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതിനുള്ള മാനദണ്ഡങ്ങള്‍ ജയില്‍മേധാവി പ്രത്യേക ഉത്തരവായി സെന്‍ട്രല്‍ ജയിലുകളിലേക്ക് അയച്ചിട്ടുണ്ട്. ഒന്നിലേറെ കൊലക്കേസുകളില്‍ പ്രതികളായവരെ ഇപ്പോള്‍ പാര്‍പ്പിക്കുന്ന ജയിലുകളില്‍ നിന്നും ഉടനടി മാറ്റാനും നിര്‍ദ്ദേശമുണ്ട്.