[]ന്യൂദല്‍ഹി: വൈദ്യുതി നിരക്ക് വര്‍ധനക്ക് ഇടയാക്കി താപവൈദ്യുതി നിലയങ്ങള്‍ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി പി ചിദംബരം.[]
ഇറക്കുമതി ചെയ്യുന്നത് മൂലം വൈദ്യുതി ഉല്‍പാദനത്തില്‍ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കാന്‍ തീരുമാനിച്ചെന്നും ചിദംബരം അറിയിച്ചു.
78000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന രീതിയില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡുമായി ഒപ്പുവെച്ചതായി ചിദംബരം പറഞ്ഞു.
രാജ്യത്തെ താപവൈദ്യുതി നിലയങ്ങള്‍ക്ക് ആവശ്യമുള്ള കല്‍ക്കരി എത്രയാണെന്നും ആഭ്യന്തര ഉല്‍പാദനം എത്രയാണെന്നും കണക്കാക്കിയാണ് ഇറക്കുമതിക്കുള്ള തീരുമാനമെടുത്തത്.പല താപവൈദ്യുതി നിലയങ്ങളും ഉല്‍പാദനത്തിന് ഇന്ധനമില്ലാതെ പൂട്ടിയിരിക്കുകയാണെന്നും ചിദംബരം വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യയില്‍ ചില നിലയങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു ചില നിലയങ്ങളുടെ പക്കല്‍ കല്‍ക്കരിയുണ്ട്. രാജ്യത്തിന് ആവശ്യമായ കല്‍ക്കരിയുടെ 65 ശതമാനം ആഭ്യന്തര കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി കാര്യങ്ങള്‍ക്കുള്ള കല്‍ക്കരി കോള്‍ ഇന്ത്യ ലിമിറ്റഡ് ഇറക്കുമതി ചെയ്യുമെന്നും ചിദംബരം പറഞ്ഞു.
അടുത്ത നാലു വര്‍ഷം കൊണ്ട് ആഭ്യന്തര ഉല്‍പാദനം 75 ശതമാനമായി ഉയര്‍ത്തുമെന്നും,ക്രമേണ കല്‍ക്കരി ഇറക്കുമതി കുറക്കാന്‍ സാധിക്കുമെന്നും ചിദംബരം അറിയിച്ചു.
ഓരോ നിലയത്തിനും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ ആവശ്യം വ്യത്യസ്ത അളവിലായതിനാല്‍ നിരക്കു വര്‍ധന നിലയങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഇതനുസരിച്ച് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ നിലവിലുള്ള വിപണിമൂല്യം യൂനിറ്റിന് 15 മുതല്‍ 17 പൈസ വരെ വര്‍ധിക്കുമെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.