| Wednesday, 22nd October 2014, 12:07 pm

ഏഴിമല നാവിക അക്കാദമിക്ക് ഭൂമി നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം കൂട്ടിനല്‍കാനാവില്ല: സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം കൂട്ടി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നഷ്ടപരിഹാരം കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുണ്ടായ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വര്‍ഷത്തെ കാലതാമസമാണുണ്ടായത്. 1983 മുതലുള്ള പലിശ നല്‍കേണ്ടി വരുന്നത് സര്‍ക്കാരിന് വന്‍ബാധ്യതയാവും. അതുകൊണ്ട് ഈ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച സമയത്ത് ഭൂവുടമകളുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഏഴിമല നാവിക അക്കാദമിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന 300 ഓളം കുടുംബങ്ങളില്‍ 80 ലധികം പേരാണ് ഇത് സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്. സാങ്കേതികമായ പ്രശ്‌നങ്ങള്‍ കാരണമാണ് കോടതിയില്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് ഭൂവുടമകള്‍ പറയുന്നത്. പലിശ നല്‍കിയില്ലെങ്കിലും ആ സമയത്തെ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാങ്കേതികതയുടെ പേരില്‍ ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാതെ പോകരുതെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

1983ലാണ് അക്കാദമിക്ക് വേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. നവംബര്‍ 25നാണ് ഇതുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി ഭൂമി വിട്ട് നല്‍കിയവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ഗോവിന്ദന്‍ പറഞ്ഞു. നഷ്ടപരിഹാരം കൂട്ടി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രാമന്തളി നിവാസികള്‍ ശക്തമായി പ്രതികരിക്കും. കുടിയിറക്കപ്പെടുമെന്ന ഭീഷണിയാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഇതിനെതിരെ നവംബര്‍ ഒന്നിന്‌ രാമന്തളി പ്രദേശവാസികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more