നമ്പി നാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടി; ഹൈക്കോടതിയില്‍ സര്‍ക്കാര്‍
Kerala News
നമ്പി നാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടി; ഹൈക്കോടതിയില്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 10:55 am

കൊച്ചി: ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ട്.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങിയെന്നും സി.ബി.ഐ അന്വേഷിച്ച കേസില്‍ വീണ്ടും സെന്‍കുമാര്‍ പുനരന്വേഷണം നടത്തിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

അതേസമയം ഉദ്യോഗസ്ഥനെന്ന നിലയില്‍ അതിന് വഴങ്ങി പ്രവര്‍ത്തിച്ചതിന്റ പേരിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം നായനാര്‍ സര്‍ക്കാരിന്റെ നിലപാടിനെ തള്ളിപ്പറയുന്നതാണെന്നും തന്റെ പേരില്‍ മുന്‍പ് ചുമത്തിയ കള്ളക്കേസുകള്‍ പോലെ ഇതിനെയും നേരിടുമെന്നുമാണ് ടി.പി സെന്‍കുമാര്‍ പറയുന്നത്.

Read Also : സുപ്രീം കോടതി രാഷ്ട്രീയ സമ്മര്‍ദത്തിനു അടിമപ്പെടുമെന്നോ; അയോധ്യ വിഷയത്തില്‍ മോദിയുടെ പ്രസ്താവന കോടതിയലക്ഷ്യമെന്ന് കപില്‍ സിബല്‍

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി വിധി പറഞ്ഞിരുന്നു. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.