| Wednesday, 6th March 2013, 2:48 pm

സുകുമാര്‍ അഴീക്കോടിന്റെ വീടും സ്ഥലവും 51.25 ലക്ഷം രൂപയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാംസ്‌കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോടിന്റെ വീടും സ്ഥലവും 51.25 ലക്ഷം രൂപയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. []

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വീട് സാംസ്‌കാരിക വകുപ്പ് സ്മാരകമായി നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഴീക്കോടിന്റെ മരണശേഷം വീട് ഏറ്റെടുക്കുമെന്നും സ്മാരകമായി നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി വൈകുന്നതിനാല്‍ അഴീക്കോടിന്റെ പുസ്തകശേഖരമുള്‍പ്പെടെയുള്ളവ നശിച്ചുപോകുന്നതായി പരാതി ഉയര്‍ന്നിരുന്നു.

വീടിന്റെ വില സംബന്ധിച്ചായിരുന്നു പ്രധാന തര്‍ക്കമുണ്ടായത്. ഇതിനൊടുവിലാണ് വൈകിയാണെങ്കിലും സര്‍ക്കാരിന്റെ തീരുമാനമുണ്ടായിരിക്കുന്നത്.

മലയാളസാഹിത്യത്തേയും ഭാഷയേയും വിമര്‍ശനവിധേയമാക്കിയ അഴീക്കോട് മാഷ് കഴിഞ്ഞ വര്‍ഷം ജനുവരി 24 നാണ് അന്തരിച്ചത്.

കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി എഴുത്തുകാരനായും പ്രഭാഷകനായും സാമൂഹ്യ വിമര്‍ശകനായും അധ്യാപകനായും പത്രപ്രവര്‍ത്തകനായും നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു അഴീക്കോട്.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

We use cookies to give you the best possible experience. Learn more