പെട്രോള്‍ പമ്പുകളിലെ മൊബൈല്‍ ഉപയോഗം നോട്ടു നിരോധനത്തോടെ സുരക്ഷിതമോ? പമ്പുകളില്‍ മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം
Daily News
പെട്രോള്‍ പമ്പുകളിലെ മൊബൈല്‍ ഉപയോഗം നോട്ടു നിരോധനത്തോടെ സുരക്ഷിതമോ? പമ്പുകളില്‍ മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2016, 1:17 pm

petrol

തയ്യാറാക്കിയത്: അഭിനാഥ് തിരുവലത്ത്‌


500, 1000 രൂപ നോട്ടുകള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നല്‍കിയിരുന്ന ഇളവ് നീക്കംചെയ്തതിനു പിന്നാലെയാണ് പെട്രോള്‍ പമ്പുകളില്‍ സ്മാര്‍ട്ട് ഫോണ്‍ മുഖേനയുളള പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കാമെന്ന് ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. 


കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശമുള്ള പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ വാലറ്റുകള്‍ (പ്രീപെയ്ഡ് വാലറ്റ്) ഉപയോഗിച്ച് ഇടപാട് നടത്താന്‍ ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പരസ്യം.

500, 1000 രൂപ നോട്ടുകള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നല്‍കിയിരുന്ന ഇളവ് നീക്കംചെയ്തതിനു പിന്നാലെയാണ് പെട്രോള്‍ പമ്പുകളില്‍ സ്മാര്‍ട്ട് ഫോണ്‍ മുഖേനയുളള പ്രീപെയ്ഡ് വാലറ്റ് ഉപയോഗിക്കാമെന്ന് ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്.

mobile

പെട്രോള്‍ പമ്പുകളില്‍ നോട്ടില്ലാതെ പണം നല്‍കുന്നത് ഇപ്പോള്‍ എളുപ്പമാണെന്ന തലക്കെട്ടോടെയാണ് പരസ്യം. പമ്പുകളില്‍ എ.ടി.എം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡ് കൂടാതെ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള പ്രീപ്പെയ്ഡ് വാലറ്റ് എന്നിവ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പരസ്യം.

എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന മാനദണ്ഡമുള്ളതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള പ്രീപെയ്ഡ് വാലറ്റ് ഇടപാട് എങ്ങിനെ പ്രാവര്‍ത്തികമാകുമെന്നതാണ് ഉയരുന്ന സംശയം. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് പമ്പുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുന്നത്.

കൂടാതെ അതത് പെട്രോളിയം കോര്‍പ്പറേഷനുകള്‍ ഇക്കാര്യത്തില്‍ കര്‍ശന നിബന്ധനയാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് കോഴിക്കോട് വ്യാപാരഭവനു സമീപത്തെ എച്ച്.പി പെട്രോള്‍ പമ്പ് മാനേജര്‍ സുന്ദരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. തങ്ങളടക്കം പമ്പിലെ ജീവനക്കാര്‍ക്കാര്‍ക്കും ഇവിടെ മൊബൈല്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടാതെ ഉപഭോക്താക്കളെ ഇതില്‍ നിന്ന് വിലക്കണമെന്ന നിര്‍ദേശമുളളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടസാധ്യതയുള്ളതിനാലാണ് മറ്റുള്ളവ ഉപയോഗിക്കാതെ കമ്പനി തന്നെ പ്രത്യേകമായി നിര്‍മ്മിച്ച സൈ്വപ്പിങ്ങ് മെഷീനുകള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര നിര്‍ദേശം ചൂണ്ടിക്കാണിച്ചപ്പോള്‍ അതൊരിക്കലും പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ലെന്നും സുന്ദരന്‍ പ്രതികരിച്ചു.

m

അസാധുവാക്കിയ നോട്ടുകള്‍ പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റിനുമായി ഡിസംബര്‍ 15 വരെ  ഉപയോഗിക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇത് പിന്നീട് വെട്ടിച്ചുരുക്കി ഇന്നത്തോടെ ഈ കാലാവധി അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ കേന്ദ്രം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും കോടികള്‍ ചെലവഴിച്ച് ഇന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം മോദിയുടെ വ്യക്തിപ്രഭാവം കാണിക്കാന്‍ 1,100 കോടിയാണ് പരസ്യത്തിനായി ചെലവഴിച്ചതെന്ന വിവരാവകാശ രേഖയടങ്ങിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

1999ല്‍ ഇന്തോനേഷ്യയില്‍ നടന്നു എന്ന് പറയപ്പെടുന്ന ഒരു പെട്രോള്‍ പമ്പ് അപകടത്തെ തുടര്‍ന്നാണ് 2000ത്തിന് ശേഷം പെട്രോള്‍ പമ്പുകളില്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിബന്ധന വന്നതെന്നാണ് പൊതുവെയുള്ള ധാരണ.