സൗമ്യ വധക്കേസിന് പുറമേ മറ്റ് രണ്ട് കേസുകളിലെ ശിക്ഷാ കാലാവധി കൂടി കഴിഞ്ഞാലേ ഗോവിന്ദച്ചാമിക്ക് പുറത്തിറങ്ങാനാകു.
കണ്ണൂര്‍: സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വധശിക്ഷ ഇളവ് ചെയ്ത പ്രതി ഗോവിന്ദച്ചാമി ഉടന്‍ പുറത്തിറങ്ങില്ല. കേസില്‍ ശിക്ഷ 7 വര്‍ഷമാക്കി കുറച്ചതിനാല്‍ 16 മാസത്തിനകം ഗോവിന്ദച്ചാമി പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ആറു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് എസ്. അശോക് കുമാര്‍. സൗമ്യ വധക്കേസിന് പുറമേ മറ്റ് രണ്ട് കേസുകളിലെ ശിക്ഷാ കാലാവധി കൂടി കഴിഞ്ഞാലേ ഗോവിന്ദച്ചാമിക്ക് പുറത്തിറങ്ങാനാകു.
സേലത്തെ പിടിച്ചുപറി കേസില്‍ ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷം തടവ് വിധിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ വിചാരണാ കാലയളവില്‍ ജയിലിലായിരുന്നതിനാല്‍ ഇനി നാല് വര്‍ഷം ബാക്കിയുണ്ട്.
ഇതിനിടെ ജയിലിനുള്ളിലെ ക്യാമറ തല്ലിത്തകര്‍ത്ത കേസില്‍ പത്ത് മാസം ശിക്ഷ ലഭിച്ചു. ഇതില്‍ അഞ്ചു മാസത്തെ ഇളവ് ലഭിച്ചു. ഇനി അഞ്ച് മാസം ശിക്ഷ അനുഭവിക്കണം. സൗമ്യ വധക്കേസിലെ 16 മാസം ശിക്ഷയും കൂടിയാകുമ്പോള്‍ 2022 ഒക്ടോബര്‍ മൂന്ന് വരെ ഗോവിന്ദച്ചാമി ജയിലില്‍ കഴിയേണ്ടിവരുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
വധശിക്ഷ റദ്ദാക്കുമെന്ന പ്രതീക്ഷ ഗോവിന്ദച്ചാമി പങ്കുവെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. വധശിക്ഷ ഇളവ് ചെയ്തതോടെ ഇനി ജയിലിലെ ജോലികള്‍ ചെയ്യിക്കും. ഇതോടെ മാസത്തില്‍ രണ്ടുദിവസം ശിക്ഷാകാലാവധി കുറയും. നല്ല സ്വഭാവമുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ രണ്ടുദിവസം കൂടി ഇളവുണ്ടാകും.