തിരുവനന്തപുരം: സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്ന പുസ്തകമാണെന്നും അഴിമതിക്കാരനല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയല്ലെന്നും അദ്ദേഹത്തെ രാജി വെപ്പിക്കണമെന്ന് എം.വി. ഗോവിന്ദനോട് മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
എം.വി. ഗോവിന്ദന് മനസാക്ഷിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയൊക്കൊണ്ട് രാജിവെപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഗോവിന്ദന്‍ മാസ്റ്റര്‍ ഒരു അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസിനും യു.ഡി.എഫിനും അഭിപ്രായമില്ല. അദ്ദേഹം തുറന്ന പുസ്തകമാണ്. അദ്ദേഹത്തെ നമുക്ക് ഉത്തമ വിശ്വസമുണ്ട്. എന്നാല്‍ പിണറായി വിജയന്‍ അതല്ല.
അതുകൊണ്ട് നട്ടെല്ലുള്ള, അഴിമതി കാണിക്കാത്ത, മടിയില്‍ കനമില്ലാത്ത ഗോവിന്ദന്‍ മാഷ് ഒരേ ആരോപണം ഉന്നയിച്ച സ്വപ്‌ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു.
പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രി അതിലെത്രയോ ഭീകരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് സ്വപ്‌ന സുരേഷ് നടത്തിയിരിക്കുന്ന പത്ര സമ്മേളനത്തില്‍ മാനനഷ്‌ക്കേസ് കൊടുക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് സി.പി.ഐ.എം വിലയിരുത്തണം’, സുധാകരന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്.
സ്വപ്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് എം.വി.ഗോവിന്ദന്‍ നോട്ടീസില്‍ പറയുന്നു. നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.
അതേസമയം എം.വി. ഗോവിന്ദന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും പറഞ്ഞുകേട്ട കാര്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തിയിട്ടുള്ളതെന്നും സ്വപ്ന ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡിഫമേഷന്‍ കേസുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദനോട് മാപ്പ് പറയില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ താന്‍ വീണ്ടും ജനിക്കേണ്ടിവരുമെന്നും സ്വപ്ന പറഞ്ഞു.
content highlight: ‘Govindan Mash Open Book’; If conscience dictates, CM should resign: K. Sudhakaran