കണ്ണൂര്‍: ബിരിയാണി നല്‍കണമെന്നാവശ്യപ്പെട്ട് ജയിലില്‍ ഗോവിന്ദച്ചാമി നടത്തിയ നിരാഹാരം മട്ടന്‍കറി കണ്ടപ്പോള്‍ അവസാനിച്ചു. ജയില്‍ജീവനക്കാരുടെ ബുദ്ധിപരമായ നീക്കമാണ് ഗോവിന്ദച്ചാമിയുടെ നിരാഹാരം അവസാനിപ്പിക്കാനിടയാക്കിയത്. ഗോവിന്ദച്ചാമിയുടെ സെല്ലിന് മുന്നില്‍ നിരത്തിവെച്ച പ്ലേറ്റുകളില്‍ ഉച്ചയ്ക്ക് മട്ടന്‍കറി വിളമ്പിയാണ് ജീവനക്കാര്‍ അയാളെ ഭക്ഷണത്തിലേക്ക് ആകര്‍ഷിച്ചത്.
പത്താംബ്ലോക്കിലെ ഏകാന്തതടവറയിലാണ് ഗോവിന്ദച്ചാമി കഴിയുന്നത്. സെല്ലിന് മുന്നിലുള്ള വരാന്തയില്‍ വിളമ്പിയ ഭക്ഷണത്തിലെ മട്ടന്‍കറി കണ്ടതോടെ ഗോവിന്ദച്ചാമിയുടെ നിയന്ത്രണം പോയി. സെല്ലില്‍നിന്ന് എഴുന്നേറ്റ് ചാമി ജയില്‍ ജീവനക്കാരുമായി ലോഗ്യം പറഞ്ഞു. ഭക്ഷണം കഴിക്കുന്നില്ലേ എന്നായി ജയില്‍ ജീവനക്കാര്‍. ജയിലര്‍സാര്‍ പറഞ്ഞാല്‍ കഴിക്കാം എന്നായി ഗോവിന്ദച്ചാമി.
എന്നാല്‍ അത്രപെട്ടെന്ന് ചാമിക്ക് ഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. നിരാഹാരസമരം അവസാനിപ്പിച്ചതായി ഗോവിന്ദച്ചാമി എഴുതി നല്‍കണമെന്ന ഡിമാന്റ് അവര്‍ മുന്നോട്ടുവെച്ചു. എന്തിനും തയ്യാറാണെന്ന് ചാമിയും. ചാമി പറഞ്ഞതനുസരിച്ച് ഷിബിന്‍ സിങ്ങെന്ന സഹതടവുകാരന്‍ മലയാളത്തില്‍ സമരം അവസാനിപ്പിക്കുന്നെന്ന് എഴുതി. അത് ഗോവിന്ദച്ചാമിയെ വായിച്ചുകേള്‍ക്കുകയും അയാളില്‍ നിന്ന് ഒപ്പുവാങ്ങുകയും ചെയ്തു.
മട്ടന്‍കറിയും തൈരും രസവുംകൂട്ടി ചാമി ഭക്ഷണം കഴിക്കുകയും ചെയ്തു. പൂജപ്പുര ജയിലിലേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ആത്മഹത്യാനാടകം നടത്തിയ ചാമി വെള്ളിയാഴ്ചയാണ് ഗോവിന്ദച്ചാമി ഉപവാസം തുടങ്ങിയത്. ശനിയാഴ്ച രാവിലെയും ഭക്ഷണം കഴിച്ചില്ല. രാവിലെ ഇഡ്‌ലി അല്ലെങ്കില്‍ പൊങ്കല്‍, ഉച്ചയ്ക്ക് ചിക്കന്‍ ബിരിയാണി, വൈകുന്നേരം പൊറോട്ട കോഴിക്കറി എന്നിവ നല്‍കണമെന്നായിരുന്നു ഗോവിന്ദച്ചാമിയുടെ ആവശ്യം.
ശനിയാഴ്ചത്തെ ജയില്‍മെനുവില്‍ ഉച്ചയ്ക്ക് ചോറിനൊപ്പം മട്ടന്‍കറിയും തൈരും രസവുമുണ്ട്. 70 ഗ്രാം മട്ടനാണ് ഒരാള്‍ക്ക് നല്‍കുന്നത്. കറി തയ്യാറാക്കി ബ്ലോക്കിലെ വരാന്തയില്‍ പ്ലേറ്റ്‌നിരത്തി കൃത്യമായ അളവില്‍ വിളമ്പിയശേഷമാണ് തടവുകാര്‍ക്ക് നല്‍കുക.
തീവണ്ടിയാത്രയ്ക്കിടെ സൗമ്യയെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഗോവിന്ദച്ചാമി.