96 ഹിറ്റായത് പിന്നീട് വന്ന ചിത്രങ്ങളെ ബാധിച്ചു, സിനിമ പണം ഉണ്ടാകാനുള്ള വഴിയാണ്: ഗോവിന്ദ് വസന്ത
Entertainment
96 ഹിറ്റായത് പിന്നീട് വന്ന ചിത്രങ്ങളെ ബാധിച്ചു, സിനിമ പണം ഉണ്ടാകാനുള്ള വഴിയാണ്: ഗോവിന്ദ് വസന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th December 2023, 9:41 am

തെന്നിന്ത്യയൊട്ടാകെ വലിയ ഓളം സൃഷ്ടിച്ച പാട്ടുകളായിരുന്നു 96 എന്ന സിനിമയിലേത്. കാതലേ കാതലേ അടക്കമുള്ള പാട്ടുകൾ എല്ലാവരും ഏറ്റുപാടിയപ്പോൾ അതെല്ലാം ഒരുക്കിയത് മലയാളിയായ ഗോവിന്ദ് വസന്തയായിരുന്നു. 96 ന് ശേഷം മലയാളത്തിലും തമിഴിലും ഒരുപാട് ചിത്രങ്ങളിൽ ഗോവിന്ദ് സംഗീതം ഒരുക്കിയിരുന്നു.

എന്നാൽ 96 അത്തരത്തിൽ വലിയ വിജയമായത് പിന്നീട് വന്ന സിനിമകളെയും ബാധിച്ചിട്ടുണ്ട് എന്നാണ് ഗോവിന്ദ് പറയുന്നത്. ഹിറ്റുകൾ വേണമെന്ന് പറഞ്ഞാൽ തനിക്കത് കൊടുക്കാൻ കഴിയില്ലെന്നും വർക്ക് ചെയ്യാൻ തന്റേതായ ഒരു സ്പേസ് ആവശ്യമുണ്ടെന്നും ഗോവിന്ദ് പറഞ്ഞു.

ലോകേഷ് കനകരാജ് നിർമിച്ച പുതിയ ചിത്രം ഫൈറ്റ് ക്ലബ്ബിൽ സംഗീതം ചെയ്യുന്നത് ഗോവിന്ദ് വസന്തയാണ്. ആ ചിത്രത്തിൽ തനിക്ക് ആവശ്യമായ സ്പേസ് ലഭിച്ചിട്ടുണ്ടെന്നും സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു.

‘പാട്ടുകൾ ഹിറ്റാവുന്നതാണ് എനിക്ക് പ്രശ്നം. 96ന് സംഗീതം ചെയ്യുമ്പോൾ എനിക്ക് അറിയില്ലായിരുന്നു അതൊരു ഹിറ്റ് മെറ്റീരിയൽ ആണെന്ന്. ഞാൻ ഒരിക്കൽ പോലും അങ്ങനെ വിചാരിച്ചിരുന്നില്ല. 96ന് ശേഷം വന്ന സിനിമകളുടെ പ്രശ്നവും അതായിരുന്നു. ഹിറ്റ്‌ വേണമെന്ന് പറഞ്ഞു വന്നാൽ എനിക്കത് കൊടുക്കാൻ കഴിയില്ല.

അവർ അവർക്ക് വേണ്ടതാണ് ചോദിക്കുന്നത്. എനിക്ക് വേണ്ടത് ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് വ്യത്യാസം. ഈ സിനിമയിൽ അങ്ങനെ ഒരു വ്യത്യാസമുണ്ട്. ഈ സിനിമ എന്നെ തേടി വന്നപ്പോൾ എന്റെ അഭിപ്രായങ്ങൾ പറയാനായി ഒരു ചർച്ച നടന്നിരുന്നു. എനിക്ക് എന്റേതായ ഒരു സ്പേസ് ഇല്ലെങ്കിൽ മ്യൂസിക് ചെയ്യുന്നത് ഒരു ജോബ് മാത്രം ആയിപോവും.

ഒരു സംഗീതജ്ഞൻ എന്ന നിലയിൽ സ്വതന്ത്രമായി സംഗീതം ചെയ്യാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സ്റ്റേജ് പെർഫോമൻസുകളാണ് എനിക്ക് കൂടുതൽ ഇഷ്ടം. സിനിമയെന്നത് പണം ഉണ്ടാകാനുള്ള ഒരു വഴി മാത്രമാണ്.

ഇങ്ങനെയൊരു സിനിമ വന്നാൽ എനിക്ക് അവർക്ക് വേണ്ടത് നന്നായി ചെയ്തു കൊടുക്കാൻ സാധിക്കും. ഈ സിനിമയിൽ അങ്ങനെ ഒരു സ്പേസ് ഉണ്ട്. എല്ലാ സിനിമയിലും അത് ലഭിക്കില്ല,’ഗോവിന്ദ് വസന്ത പറയുന്നു

Content Highlight: Govind Vasantha Talk About Success Of Music In 96 Movie