ഞാനും ഉണ്ണി മുകുന്ദനും കൂടി പോകുമ്പോള്‍ ആളുകള്‍ക്ക് ആ ചോദ്യം ചോദിക്കാനാവില്ല: പെണ്‍കുട്ടികളുമായുള്ള എന്റെ സൗഹൃദമാണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്: ജി.പി
Entertainment news
ഞാനും ഉണ്ണി മുകുന്ദനും കൂടി പോകുമ്പോള്‍ ആളുകള്‍ക്ക് ആ ചോദ്യം ചോദിക്കാനാവില്ല: പെണ്‍കുട്ടികളുമായുള്ള എന്റെ സൗഹൃദമാണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്: ജി.പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd June 2023, 12:55 pm

തന്റെ ആദ്യ പ്രയോരിറ്റി എപ്പോഴും ജോലി ആണെന്നും സുഹൃത്തുക്കളെ താന്‍ എപ്പോഴെങ്കിലുമേ വിളിക്കാറും മെസേജ് അയക്കാറുമുള്ളൂവെന്നും നടന്‍ ഗോവിന്ദ് പത്മസൂര്യ. ഒരു സുഹൃത്തെന്ന നിലയില്‍ ഇത് നല്ലൊരു ക്വാളിറ്റി അല്ലെന്നും നടന്‍ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗോവിന്ദ് ഇക്കാര്യം പറഞ്ഞത്.

‘ഒരാളെ ഫോണ്‍ ചെയ്യുക, വിളിച്ച് സുഖമാണോയെന്ന് ചോദിക്കുക, മെസേജ് ചെയ്യുക, ഫോണ്‍ വിളിച്ചാല്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ വന്‍ പരാജയമാണ്. അതുകൊണ്ട് എന്റെ ഒട്ടുമിക്ക ഫ്രണ്ട്‌സും ഞാന്‍ വിളിച്ചാല്‍ ആദ്യം പറയുക കാക്ക മലര്‍ന്ന് പറക്കുന്നുണ്ടോ എന്ന് നോക്കട്ടെയെന്നാണ്. അങ്ങനത്തെ ട്രോളുകളിലൂടെയാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങുക. പക്ഷെ ഞാന്‍ അവരുടെ കൂടെയുള്ളപ്പോള്‍ എനിക്കൊരു കോള്‍ വന്നാല്‍ പോലും എടുക്കില്ല. അവിടെ ഉള്ളപ്പോള്‍ ഭയങ്കര സ്‌നേഹമാണ്. കാണുമ്പോ ഞങ്ങളാണ് നിന്റെ ലോകം, മറ്റൊരാളുമില്ല, ഞാനാണ് നിന്റെ ലോകത്തെ ഏക ഫ്രണ്ടെന്നൊക്കെ തോന്നും, എന്നാല്‍ പോയി കഴിഞ്ഞാല്‍ ഒരു അഡ്രസേയില്ല എന്നാണ് എന്റെ ഫ്രണ്ട്‌സ് പറയാറ്.

നല്ലൊരു ക്വാളിറ്റി അല്ല അത്. പക്ഷെ ഫ്രണ്ട്‌സ് അത് അഡ്ജസ്റ്റ് ചെയ്ത് പെരുമാറുന്നത് കൊണ്ട് പ്രശ്‌നമില്ല. അവരെന്റെ ഫ്രണ്ട്‌സ് ആണല്ലോ. ഞാന്‍ ഒരുപാട് കാര്യങ്ങളിലേക്ക് പോകുന്നത് കൊണ്ട് എന്റെ പ്രയോരിറ്റി എപ്പോഴും വര്‍ക്ക് ആണ്. എപ്പോഴും അത് അങ്ങനെയാണ്. ഞാന്‍ കൊച്ചിയിലുള്ളപ്പോഴൊക്കെ കാണാന്‍ വരാത്തതിന് ഫ്രണ്ട്‌സിന്റെ അടുത്ത് നിന്നും എനിക്ക് ചീത്ത കേള്‍ക്കും. അത് മിയ ആണെങ്കിലും മറ്റുള്ളവര്‍ ആണെങ്കിലും ഇവിടെ ഉണ്ടായിട്ട് നീ ഒരു ദിവസം കാണാന്‍ വന്നോയെന്ന് ചോദിക്കും. ഇവരെയൊക്കെ കണ്ടിട്ട് കാലങ്ങളായി. വല്ലപ്പോഴും ഫങ്ഷനൊക്കെ വെച്ചാണ് കാണാറ്. വര്‍ക്കിന് വേണ്ടിയോ, അല്ലെങ്കില്‍ മാരേജിനോ ഒക്കെ പോകുമ്പോള്‍ കാണും. പേളിക്ക് കാണാത്തതിന്റെ സങ്കടമുള്ളതുകൊണ്ട് അവളത് പറയും. ഇത് എല്ലാവരിലും ഉണ്ട്. എനിക്ക് വര്‍ക്ക് ഫോക്കസ് കുറച്ച് കൂടുതലാണ്. അതൊരു സുഹൃത്ത് എന്ന നിലയില്‍ നല്ല സ്വഭാവമായി എനിക്ക് തോന്നിയിട്ടില്ല. അവരുടെ നല്ല മനസ് കാരണം മുന്നോട്ട് പോകുന്നു,’ ജി.പി പറഞ്ഞു.

തന്റെ ഫ്രണ്ട്‌സിന് എന്താവശ്യം വരുമ്പോഴും തനിക്ക് സഹായിക്കാന്‍ സാധിക്കാറുണ്ടെന്നും അവരെ ചെന്ന് കാണാറുണ്ടെന്നും ഗോവിന്ദ് പറഞ്ഞു.

‘എനിക്ക് എന്റെ ഫ്രണ്ട്‌സിനെ എപ്പോഴും സഹായിക്കാന്‍ പറ്റാറുണ്ട്. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവരെന്നെ വിളിക്കാറുണ്ട്. എന്തൊക്കെ കോണ്‍ടാക്ട് ഇല്ലെന്ന് പറഞ്ഞാലും പെട്ടെന്ന് വിളിക്കണമെന്ന് അവര്‍ മെസേജയച്ചാല്‍ എനിക്കെന്ത് വര്‍ക്ക് ഉണ്ടെങ്കിലും അതിന് ഞാന്‍ റെസ്‌പോണ്ട് ചെയ്യാറുണ്ട്. വെറുതേയിരുന്ന് സംസാരിക്കാന്‍ വേണ്ടി അവരാരും വിളിക്കില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ അവര്‍ ഇങ്ങനെയൊരു മെസേജ് അയച്ചാല്‍ അതിന്റെ സീരിയസ്‌നെസ് എനിക്കറിയാം. അവരെ ഇമോഷണലി സ്‌റ്റേബിള്‍ ആക്കാന്‍ എനിക്ക് പലപ്പോഴും പറ്റാറുണ്ട്. അത് എന്റെ ഫ്രണ്ട്‌സ് എപ്പോഴും പറയാറുണ്ട്. കാണാന്‍ പറ്റുമോയെന്ന് അവര്‍ ചോദിക്കുമ്പോള്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കും. ഞാനവരെ പോയി കണ്ട് തിരിച്ച് വരുമ്പോള്‍ അവര്‍ എനിക്ക് ‘ താങ്ക് യു സോ മച്ച് ഫോര്‍ കമിങ്’ എന്നാണ് മെസേജ് അയക്കാറ്. അതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്,’ ജി.പി പറഞ്ഞു.

താന്‍ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ഒരു പോലെയാണ് ഇടപഴകാറുള്ളതെന്നും എന്നാല്‍ ആളുകള്‍ കൂടുതല്‍ സെലിബ്രേറ്റ് ചെയ്യുന്നത് പെണ്‍കുട്ടികളുമായുള്ള സൗഹൃദമാണെന്നും ഗോവിന്ദ് പറഞ്ഞു.

‘എനിക്ക് പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ഒരു പോലെ ഇടപഴകാന്‍ സാധിക്കാറുണ്ട്. അത് ചെറുപ്പത്തില്‍ സാധിച്ചിരുന്നില്ല. പെണ്‍കുട്ടികളോട് സംസാരിക്കുന്നത് പണിഷ്‌മെന്റിന്റെ ഭാഗമാണെന്ന് സ്‌കൂളില്‍ പഠിക്കുന്നസമയത്തൊക്കെ തോന്നിയിരുന്നു. ഞാന്‍ നല്ലൊരു കേള്‍വിക്കാരനാണ്, ആണ്‍കുട്ടികള്‍ ആയാലും പെണ്‍കുട്ടികളായാലും ഞാന്‍ സംസാരിക്കും. പക്ഷെ പെണ്‍കുട്ടികളുമായുള്ള സൗഹൃദമാണ് പലപ്പോഴും സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ആളുകള്‍ക്ക് അതിലാണ് കൗതുകം കൂടുതല്‍. നിങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആണോ, പ്രണയത്തിലാണോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കാറ്. ഞാനും ഉണ്ണിമുകുന്ദനും കൂടി പോയാല്‍ അത് ചോദിക്കാന്‍ പറ്റില്ലലോ,’ ജി.പി പറഞ്ഞു.

Content Highlight: Govind pathmasurya on his friendship