| Friday, 15th November 2024, 9:33 am

മമ്മൂക്കയുടെയും ദുല്‍ഖറിന്റെയും ആ സിനിമകള്‍ കണ്ട് കണ്ണുതള്ളി; ഒരാള്‍ക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോയെന്ന് ചിന്തിച്ചു: ഗോവിന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ ഷാഹിറും മുനീര്‍ അലിയും ചേര്‍ന്ന് തിരക്കഥയെഴുതി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു പറവ. 2017ല്‍ പുറത്തിറങ്ങിയ ഈ സിനിമ സൗബിന്റെ ആദ്യ സംവിധാന ചിത്രമായിരുന്നു. സിനിമയില്‍ ഷെയ്ന്‍ നിഗം, അമല്‍ ഷാ, ഗോവിന്ദ് എന്നിവരായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. ഒപ്പം ദുല്‍ഖര്‍ സല്‍മാനും പറവയില്‍ അഭിനയിച്ചിരുന്നു.

ഗോവിന്ദിന്റെ ആദ്യ സിനിമയായിരുന്നു പറവ. ശേഷം 2022ല്‍ മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വത്തിലും ഗോവിന്ദ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ച് പറയുകയാണ് ഗോവിന്ദ്. ഇരുവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് നടന്‍ പറയുന്നത്.

ദുല്‍ഖര്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ താന്‍ കണ്ടുവെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് കണ്ണുതള്ളിയെന്നും ഗോവിന്ദ് പറഞ്ഞു. ഒരാള്‍ക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോയെന്ന് ചിന്തിച്ചെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ ഭ്രമയുഗത്തെ കുറിച്ചും ഗോവിന്ദ് സംസാരിക്കുന്നു.

‘അവരുടെ രണ്ടുപേരുടെയും അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഈയിടെ ഇറങ്ങിയ ലക്കി ഭാസ്‌ക്കര്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. സത്യം പറഞ്ഞാല്‍ എന്റെ കണ്ണുതള്ളി. ഒരാള്‍ക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റുമോയെന്ന് ഞാന്‍ ചിന്തിച്ചു പോയി. വളരെ നാച്ചുറലായിട്ടാണ് അദ്ദേഹം അതില്‍ അഭിനയിച്ചത്. മരണമാസെന്ന് പറഞ്ഞാല്‍ മരണമാസാണ്.

അതുപോലെ മമ്മൂക്കയുടെ ഭ്രമയുഗവും ഞാന്‍ കണ്ടിരുന്നു. വേറെ ലെവലായിരുന്നു ആ സിനിമ. അവരുടെ കൂടെ അഭിനയിച്ചത് ഏറ്റവും ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. രണ്ടുപേരുടെയും അഭിനയം ഞാന്‍ സ്‌ക്രീനിലും നേരിട്ടും കണ്ടിട്ടുണ്ട്. അത് ശരിക്കും ഒരു പുണ്യമാണ്,’ ഗോവിന്ദ് പറയുന്നു.


Content Highlight: Govind Motte Talks About Dulquer Salmaan And Mammootty

We use cookies to give you the best possible experience. Learn more