സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പറവ. ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഗോവിന്ദ്. പിന്നീട് മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാന്‍ ഗോവിന്ദിന് സാധിച്ചിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയിലും ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും നടന്‍ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ഗീതു മോഹന്‍ദാസിനെ കുറിച്ചും ജോഷിയെ കുറിച്ചും പറയുകയാണ് ഗോവിന്ദ്. മൂത്തോന്‍ സിനിമയുടെ സമയത്ത് ഗീതു തങ്ങള്‍ക്ക് ഒരുപാട് ഫ്രീഡം തന്നിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്. ഗീതു മോഹന്‍ദാസിന് നമ്മളില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്ന സംഭവങ്ങള്‍ തന്നെ വേണമെന്നും സംവിധായകന്‍ ജോഷിയും അങ്ങനെ തന്നെയാണെന്നും ഗോവിന്ദ് പറഞ്ഞു. ഒപ്പം പൊറിഞ്ചു മറിയം ജോസിന്റെ സമയത്തെ ഒരു അനുഭവവും നടന്‍ പറയുന്നു.
ഗീതു ചേച്ചി ആ സിനിമയില്‍ നമുക്ക് ഒരുപാട് ഫ്രീഡം തന്നിട്ടുണ്ട്. ചേച്ചിക്ക് നമ്മളില്‍ നിന്ന് ചേച്ചി ഉദ്ദേശിക്കുന്ന ചില സംഭവങ്ങള്‍ വേണം. സംവിധായകന്‍ ജോഷി സാറും അങ്ങനെ തന്നെയായിരുന്നു. എന്റെ അറിവില്‍ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജോഷി സാര്‍.
ഒരാളുടെ ഫേസ് കണ്ടാല്‍ അയാളില്‍ നിന്ന് എന്തുവരുമെന്ന് അദ്ദേഹത്തിന് മനസിലാകും. ഞാന്‍ അദ്ദേഹത്തിന്റെ പൊറിഞ്ചു മറിയം ജോസ് ചെയ്യുമ്പോള്‍, അതിലെ ഒരു ഷോട്ട് തെറ്റികൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ജോഷി സാര്‍ എന്നെ വിളിച്ച് സംസാരിച്ചു.
‘നിന്റെ കയ്യില്‍ നിന്ന് ഇത് വരുമെന്ന് എനിക്ക് അറിയാം. അത് വരുന്നത് വരെ നിന്റെ ഫേസില്‍ ക്യാമറയുണ്ടാകും. അത് വരണം. വന്നാല്‍ മാത്രമേ നീ ഇവിടുന്ന് പോകുകയുള്ളൂ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരുപാട് ടേക്ക് പോകേണ്ടി വന്നു,’ ഗോവിന്ദ് പറയുന്നു.
Content Highlight: Govind Motte Talks About Director Joshie And Porinju Mariyam Jose