[] ന്യൂദല്‍ഹി: കേന്ദ്രത്തില്‍ ഭരണം മാറിയപ്പോള്‍ പഴയ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ പിരിച്ചുവിടുന്നതിനെതിരെ ഷീലാ ദീക്ഷിത് അടക്കമുളള ഏതാനും രംഗത്തുവന്നത് എന്‍.ഡി.എ സര്‍ക്കാറിന് പുതിയ തലവേദന സൃഷ്ടിക്കും.
മോദിയുടെ കീഴില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണര്‍മാര്‍ പദവിയൊഴുയേണ്ടി വരുമെന്ന് ആദ്യമേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മോദി ഭരണം ഏറ്റെടുത്ത് ഒരു മാസമാകുമ്പോഴും ഗവര്‍ണര്‍മാര്‍ മാറാത്തതിനു തുടര്‍ന്ന് ഇനിയും നീട്ടാനാകില്ലെന്ന് കതുതി യു.പി.എ നിയമിച്ച ഏഴു ഗവര്‍ണര്‍മാരോട് സ്ഥാനമൊഴിയാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ബി.എല്‍ ജോഷി, സ്ഥാനമൊഴിയാന്‍ രാജിക്കത്ത് നല്‍കി. എന്നാല്‍ സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഏവു പേരില്‍ ചിലര്‍ തങ്ങള്‍ രാജി വെക്കേണ്ടതില്ല എന്ന നിലപാടിലാണുള്ളത്. പ്രസിഡന്റിനാണ് ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള അധികാരം എന്ന വാദമായിരിക്കും ഇവര്‍ ഉയര്‍ത്തിക്കാട്ടുക.
രാജി എന്നത് അഭ്യൂഹമാണെന്നാണ് സ്ഥാനമൊഴിയുമെന്ന വാര്‍ത്തകളോട് കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പ്രതികരിച്ചത്. രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വ ഇന്ന് രാഷ്ട്രപതിയെ കണ്ട് സംസാരിക്കും. രേഖാമൂലം ആവശ്യപ്പെട്ടാല്‍ രാജി നല്‍കാമെന്നാണ് ചിലരുടെ നിലപാട്.
വടികൊടുത്ത് അടി വാങ്ങുന്നവര്‍
അധികാരം മാറുമ്പോള്‍ ഗവര്‍ണര്‍മാരെയും മാറ്റുക എന്ന കീഴ്‌വഴക്കത്തിന് ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസ്സായിരുന്നു തുടക്കം കുറിച്ചത്. വാജ്‌പേയി സര്‍ക്കാര്‍ നിയോഗിച്ച നാലു പേരെ യു.പി.എ സര്‍ക്കാര്‍ മാറ്റിയിരുന്നു.
അന്ന് ഗവര്‍ണര്‍മാരെ മാറ്റിയ നടപിക്കെതിരെ ബി.ജെയപി സഹയാത്രികനായി അറിയപ്പെടുന്ന ബി.പി സിംഗാള്‍ സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ ഗവര്‍ണറെ മാറ്റിയ നടപടി ശരിയായില്ലെന്നും ഗവര്‍ണര്‍മാരുടെ ചുമതല രാഷ്ട്രപതിക്കാണെന്നും അഞ്ച് വര്‍ഷക്കാലാവധി പൂര്‍ത്തീകരിക്കാന്‍ അവരെ അനുവദിക്കുകയായിരുന്നു വേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.