ന്യൂദല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനുമതിക്കായി അയക്കുമ്പോള്‍ തടഞ്ഞു വെക്കാനോ വീറ്റോ ചെയ്യാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. ഒരു ബില്‍ അംഗീകാരം നല്‍കാതെ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍, പുനപരിശോധനക്കായി ബില്ല് നിയമസഭയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുക്കപ്പെടാത്ത രാഷ്ട്രത്തലവനായ ഗവര്‍ണര്‍ക്ക് ഭരണഘടനാ പരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് വിധിയില്‍ കോടതി പറഞ്ഞു. ജനാധിപത്യത്തില്‍ യഥാര്‍ഥ അധികാരം ജനങ്ങള്‍ തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കാണെന്നും കോടതി ചൂണ്ടികാട്ടി.
പഞ്ചാബ് സര്‍ക്കാര്‍ ഗവര്‍ണക്കെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസില്‍ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്.
ഒരു ബില്ലിന്റെ അനുമതി ഗവര്‍ണര്‍ തടഞ്ഞു വെച്ചതിനുശേഷം ഉള്ള അടുത്ത നടപടി എന്തായിരിക്കണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 വ്യക്തമായി പറയുന്നില്ല എന്നതിനാലാണ് കോടതി വ്യക്തത വരുത്തിയത്.
ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് ബില്ലുകള്‍ പാസാക്കുക, ബില്ലുകള്‍ തടഞ്ഞു വെക്കുക, അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുക എന്നീ മൂന്ന് തരത്തിലുള്ള നടപടികളാണ് ഗവര്‍ണര്‍ക്ക് എടുക്കാന്‍ സാധിക്കുക. തടഞ്ഞുവെക്കുന്ന ബില്ലുകള്‍ പുനപരിശോധിക്കാന്‍ നിര്‍ദേശിച്ച് തിരിച്ചയക്കുകയും ഭേദഗതികളോടെയോ അല്ലാതെയോ സഭ വീണ്ടും ബില്‍ അംഗീകരിക്കുകയാണെങ്കില്‍ ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ബാധ്യസ്ഥനാണ്.
content highlight : Governors can’t sit on bills and veto legislative action Supreme Court