| Tuesday, 15th November 2022, 6:27 pm

ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പുകളല്ല, ലോകായുക്തയെ തകര്‍ക്കാനുള്ള നീക്കം ഉണ്ടായാല്‍ ഇടപെടും: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ റബ്ബര്‍ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. തിരുവനന്തപുരത്ത് നടന്ന ലോകായുക്താ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകായുക്തയെ തകര്‍ക്കാനുള്ള നീക്കം ഉണ്ടായാല്‍ ഇടപെടുമെന്നും രാജ്യത്തിന്റെ എല്ലാഭാഗത്തും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ആര്‍.എന്‍. രവി പറഞ്ഞു.

‘എല്ലാ കാര്യങ്ങളും തര്‍ക്കമാവുന്ന കാലമാണിത്. ഗവര്‍ണര്‍ സ്ഥാനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളാകരുത്. ലോകായുക്തയുടെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കം ഉണ്ടായാല്‍ ഗവര്‍ണര്‍ ഇടപെടും,’ ആര്‍.എന്‍. രവി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡി.എം.കെ സര്‍ക്കാരുമായി കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ആര്‍.എന്‍. രവി കേരളത്തില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയത്. നിയമ മന്ത്രി പി. രാജീവും ഗവര്‍ണര്‍ക്ക് ഒപ്പം വേദി പങ്കിട്ടു.

തമിഴ്‌നാട് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത് താനാണെന്നും ഇതുപോലൊരു വേദിയില്‍ ഇരിക്കാന്‍ യോഗ്യനാണ് അദ്ദേഹമെന്നും കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം, നിലവില്‍ തമിഴ്നാട് നിയമസഭ പാസാക്കിയ 20 ബില്ലുകളാണ് ഗവര്‍ണറുടെ അനുമതി കാത്തുകിടക്കുന്നത്. ഇതേത്തുടര്‍ന്ന് ആര്‍.എന്‍. രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി ഡി.എം.കെ എം.പിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചിരുന്നു.

ഭരണഘടനാപരമായ പദവി വഹിക്കാന്‍ ഗവര്‍ണര്‍ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണകക്ഷിയായ ഡി.എം.കെയുടെ എം.പിമാര്‍ കത്തയച്ചത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ്, ഇടത് എം.പിമാരുമായി ചേര്‍ന്നാണ് ഡി.എം.കെയിലെ എം.പിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്.

ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്നുവെന്നും ഇരുപതോളം ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ ഒരു വര്‍ഷത്തിലേറെയായി കയ്യില്‍ സൂക്ഷിക്കുന്നതെന്നും കത്തില്‍ പറയുന്നു. തുടര്‍ച്ചയായി മതനിരപേക്ഷതക്കെതിരായ പ്രസ്താവനകളും ഗവര്‍ണര്‍ നടത്തുന്നുവെന്ന് കത്തിലുണ്ടായിരുന്നു.

ഗവര്‍ണര്‍ ആര്‍.എന്‍. രവി ഭരണഘടനാ പദവി നിര്‍വഹിക്കാന്‍ യോഗ്യനല്ലെന്നാണ് കത്തില്‍ പറയുന്നത്. തമിഴ്നാട്ടിലെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ തടസപ്പെടുത്തുന്നെന്നും ഡി.എം.കെ കത്തില്‍ ആരോപിക്കുന്നു.

ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായും സമാധാനത്തിന് തന്നെ ഭീഷണിയായും പ്രവര്‍ത്തിക്കുന്നു, ജനങ്ങളെ സേവിക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയുന്നു, സാമുദായിക വിദ്വേഷം ഉണര്‍ത്തുന്നുവെന്നും ഡി.എം.കെ എം.പിമാര്‍ സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തമിഴ്‌നാട്ടിലെ ഗവര്‍ണറായി ചുമതലയേറ്റെടുത്തത് മുതല്‍ ആര്‍.എന്‍. രവി നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. സ്റ്റാലിന്‍ സര്‍ക്കാരുമായി നിരന്തരം പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു.

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാലതാമസം വരുത്തിയെന്ന് കഴിഞ്ഞ ആഴ്ച ഗവര്‍ണര്‍ ആര്‍.എന്‍. രവി ആരോപിച്ചിരുന്നു.

ഗവര്‍ണര്‍ നേരത്തെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. എല്ലാ രാജ്യങ്ങളും ഏതെങ്കിലും ഒരു മതത്തെ ആശ്രയിച്ചിരുന്നുവെന്നും ഇന്ത്യയിലും സമാനമാണെന്നുമായിരുന്നു ആര്‍.എന്‍. രവി നടത്തിയ പ്രസ്താവന. ഇതിന് പിന്നാലെ സംസ്ഥാനത്തെ 11 രാഷ്ട്രീയ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്കെതിരെ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.

Content Highlight: Governors are not Rubber Stamps Said Tamil Nadu Governor RN Ravi

We use cookies to give you the best possible experience. Learn more