| Friday, 10th December 2021, 9:01 pm

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വേണമെങ്കില്‍ ഒഴിഞ്ഞു തരാം: പ്രതിഷേധമറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപെടലില്‍ എതിര്‍പ്പറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ ഉന്നയിച്ചത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പരമാധികാര പദവി വേണമെങ്കില്‍ താന്‍ ഒഴിഞ്ഞു തരാമെന്നും സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ഒരു വൈസ് ചാന്‍സലര്‍ക്ക് അതേ സര്‍വകലാശാലയില്‍ പുനര്‍നിയമനം നല്‍കുന്നത് ആദ്യമായാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കലാവധി അവസാനിക്കുന്ന അന്ന് തന്നെ പുനര്‍നിയമനം നല്‍കിയത്.

അതേസമയം കണ്ണൂര്‍ വി.സി നിയമനത്തിനായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

നിയമനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ആ കമ്മിറ്റി തന്നെ റദ്ദാക്കി നിലവിലെ വി.സിക്ക് പുനര്‍നിയമനം നല്‍കിയത്.

സര്‍ക്കാരിന്റെ ശിപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കിയത്. അതോടൊപ്പം 60 വയസ് കഴിഞ്ഞവരെ വി.സിയാക്കരുതെന്ന ചട്ടം മറി കടന്നുകൊണ്ടാണ് പുനര്‍നിയമനം നടത്തിയതെന്ന പരാതി ഉയരുന്നുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാന്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിക്കുന്നു എന്ന പരാതികൂടെ നിലനില്‍ക്കുന്നുണ്ട്.

ഇതിനിടയിലാണ് വി.സിയുടെ പുനര്‍നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളുയരുന്നത്. അതേസമയം, കാലടി സര്‍വകലാശാലയിലെ വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കാത്തതും വിവാദത്തിന് കാരണമായിരുന്നു.

പേരുകള്‍ നല്‍കാതയതോടെ സെര്‍ച്ച് കമ്മിറ്റിപിരിച്ചുവിട്ടു. ഇതിനു പിന്നാലെ ഒറ്റപേര് വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ രാജ്ഭവനില്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തിലും ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

സംസ്‌കൃത സര്‍വലാശാല വൈസ് ചാന്‍സലറും പ്രൊ വൈസ് ചാന്‍സലറും വിരമിച്ചതോടെ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് സംസ്‌കൃത സര്‍വലാശാലയുടെ കൂടെ ചുമതല നല്‍കിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Governor writes letter to Pinarayi Vijayan

We use cookies to give you the best possible experience. Learn more