| Friday, 3rd January 2020, 12:35 pm

എം.ജി സര്‍വകലാശാല ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നു; വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എം.ജി സര്‍വകലാശാലയിലെത്തിയ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാര്‍ത്ഥിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.

ഗവര്‍ണറെ കാണാനായി എത്തിച്ചേര്‍ന്ന ദീപയോട് പൊലീസെത്തി വിവരങ്ങള്‍ ചോദിക്കുകയായിരുന്നു. ഗവര്‍ണറെ കണ്ട് വൈസ് ചാന്‍സലര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ എത്തിയതാണെന്ന് ദീപ മറുപടി നല്‍കി. തുടര്‍ന്നായിരുന്നു ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പൊലീസുകാര്‍ ചേര്‍ന്ന് ബലമായിട്ടായിരുന്നു ദീപയെ ജീപ്പില്‍ കയറ്റിയത്.

മാര്‍ക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് എം.ജി സര്‍വകലാശാല സന്ദര്‍ശിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വി.സി, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയമങ്ങള്‍ ലംഘിച്ച് മാര്‍ക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടും. ഗവര്‍ണറെ അറിയിക്കാതെ റദ്ദാക്കല്‍ നടപടിയുമായി സര്‍വ്വകലാശാല മുന്നോട്ട് പോയതും അതില്‍ വീഴ്ച പറ്റിയതിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തല്‍ കനത്ത സുരക്ഷയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more