| Tuesday, 22nd December 2020, 2:21 pm

കാര്‍ഷിക നിയമം തള്ളാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ ഗവര്‍ണര്‍; 'അടിയന്തര നിയമസഭാ സമ്മേളനം ചേരേണ്ട സാഹചര്യമില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് വിശദീകരണം തേടുകയും ചെയ്തു.

നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നത്. സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തെയും കേരളത്തിലെയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയതെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നിയമ ഭേദഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കക്ഷി നേതാക്കള്‍ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കുകയുള്ളുവെന്നും പറഞ്ഞിരുന്നു.

രാജ്യത്തെ കര്‍ഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുന്നത്. കര്‍ഷക സമരം 25 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രവും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.

അതേസമയം, കര്‍ഷക പ്രതിഷേധം 27ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Governor seeks report on immediate assembly session by Kerala government against Framers act

We use cookies to give you the best possible experience. Learn more