| Saturday, 8th October 2022, 3:58 pm

ഭരണാഘടനാ ദൗത്യങ്ങളില്‍ നിന്ന് കെജ്‌രിവാള്‍ ഒഴിഞ്ഞുമാറുകയാണെന്ന് ഗവര്‍ണര്‍; ഭാര്യ പോലും ഗവര്‍ണറിന്റെ അത്ര വഴക്ക് പറഞ്ഞിട്ടില്ലെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെജ്‌രിവാളും മന്ത്രിമാരും തങ്ങളുടെ ഭരണഘടനാപരമായ ചുമതലകളില്‍ നിന്നും ദല്‍ഹിയിലെ ഭരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. കെജ്‌രിവാളിന് അയച്ച കത്തിലാണ് ഗവര്‍ണറുടെ പരാമര്‍ശം.

പ്രസംഗങ്ങളും പരസ്യങ്ങളും അടിസ്ഥാനമാക്കിയാണ് ആപ്പ് സര്‍ക്കാരിന്റെ ഭരണം. ഇത് അടിസ്ഥാന പൊതുതാല്‍പ്പര്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഏറെ അകന്നുനില്‍ക്കുകയാണെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ അനാവശ്യമായി ഇടപെടുകയാണെന്ന മനീഷ് സിസോദിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ കത്ത്.

അതേസമയം മറ്റൊരു പ്രണയലേഖനം എന്നാണ് കെജ്‌രിവാള്‍ ഗവര്‍ണറുടെ കത്തിനെ വിശേഷിപ്പിച്ചത്.

തന്റെ ഭാര്യ ശാസിക്കുന്നതിനേക്കാള്‍ കൂടുതല്‍ സക്സേന തന്നെ ശകാരിച്ചിട്ടുണ്ടെന്ന് കെജ്‌രിവാള്‍ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. തന്റെ കത്തുകളും നിര്‍ദേശങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതാണെന്നും എന്നാല്‍ പാര്‍ട്ടി തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് താന്‍ വിധേയനാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

റദ്ദാക്കിയ എക്‌സൈസ് നയത്തിലെ അന്വേഷണം, രാഷ്ട്രപതി പങ്കെടുത്ത പരിപാടിയില്‍ കെജ്‌രിവാളിന്റെയും മന്ത്രിമാരുടെയും അഭാവം, വൈദ്യുതി സബ്സിഡി, അധ്യാപക നിയമനങ്ങള്‍ തുടങ്ങി വിഷയങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കെജ്‌രിവാളും സംഘവും വ്യക്തിപരമായാണ് നേരിടുന്നത്. അവര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. ആപ്പിന്റെ ഇത്തരം പ്രവര്‍ത്തികള്‍ കാരണം നിരവധി പേര്‍ക്ക് നികത്താനാകാത്ത നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മുന്‍ പഞ്ചാബ് മന്ത്രി വിക്രംജീത് സിങ് മജീതിയ എന്നിവരെ കെജ്‌രിവാള്‍ കുറ്റപ്പെടുത്തുകയും പിന്നീട് മാപ്പ് പറയുകയും ചെയ്ത സംഭവങ്ങളെ കുറിച്ചും സക്‌സേന പറഞ്ഞിരുന്നു.

Content Highlight: Governor says Kejriwal is avoiding constitutional duties; Kejriwal said that even his wife has not quarreled with him as much as the governor

We use cookies to give you the best possible experience. Learn more