| Thursday, 29th June 2023, 9:44 pm

സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഗവര്‍ണര്‍; നടപടി സ്റ്റാലിനെ അറിയിക്കാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഇ.ഡി അറസ്റ്റിന് ശേഷം സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അറിയിക്കാതെയാണ് ഗവര്‍ണറുടെ നീക്കം.

ഇന്ന് വൈകിട്ടായിരുന്നു സെന്തിലിനെ പുറത്താക്കിയതായുള്ള വാര്‍ത്താ കുറിപ്പ് രാജ് ഭവന്‍ പുറത്തിറക്കിയത്. മന്ത്രിക്കെതിരെ ഇനിയും അന്വേഷണം വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ മന്ത്രിയായി തുടരുന്നത് അധികാര ദുര്‍വിനിയോഗത്തിന് കാരണമാകുമെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

കഴിഞ്ഞ പതിമൂന്നാം തിയതി ആയിരുന്നു സെന്തില്‍ ബാലാജി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് സെന്തിലിന് വകുപ്പില്ലാ മന്ത്രിയായി തുടരാനുള്ള അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ തുടരുന്നതിനാല്‍ വകുപ്പുകള്‍ മാറ്റാന്‍ സാധിക്കില്ലൊയിരുന്നു ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചത്.

ഇതോടെ മുഖ്യമന്ത്രി വീണ്ടും ഗവര്‍ണര്‍ക്ക് ശുപാര്‍ശ അയച്ചു. തുടര്‍ന്ന് വകുപ്പുകള്‍ മാറ്റാമെങ്കിലും വകുപ്പില്ലാ മന്ത്രിയായി തുടരാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതോടെ ഗവര്‍ണറെ മറികടന്ന് സെന്തിലിന് വകുപ്പില്ലാ മന്ത്രിയായി തുടരാമെന്ന് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയിരുന്നു.

2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാരോപിച്ചുള്ള കേസില്‍ ഇ.ഡി  സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നത്.  അറസ്റ്റിന് പിന്നാലെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന സെന്തിലിനെ ഇ.ഡിക്ക ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

അതേ സമയം ഗവര്‍ണറുടെ അതൃപ്തി നിലനില്‍ക്കെ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെ ചോദ്യം ചെയ്തുള്ള ഹരജി  മദ്രാസ് ഹൈക്കോടതി ജൂലൈ ഏഴിന് പരിഗണിക്കാനായി മാറ്റിയിരുന്നു. വകുപ്പുകളില്ലാത്ത മന്ത്രിയായി സെന്തില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: governor sacked senthil balaji from cabinet

We use cookies to give you the best possible experience. Learn more