പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ തരംതാഴ്ന്നു; പൂര്‍ണമായി ആര്‍.എസ്.എസ് ശൈലിയിലേക്ക് അദ്ദേഹം മാറിയെന്ന് കെ. മുരളീധരന്‍
Kerala News
പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ തരംതാഴ്ന്നു; പൂര്‍ണമായി ആര്‍.എസ്.എസ് ശൈലിയിലേക്ക് അദ്ദേഹം മാറിയെന്ന് കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th February 2022, 6:34 pm

കോഴിക്കോട്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഗവര്‍ണറുടെ പ്രതികരണം ദൗര്‍ഭാഗ്യകരമെന്ന് കെ. മുരളീധരന്‍ എം.പി. വിഷയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് കേന്ദ്രത്തെ തൃപ്ത്തിപ്പെടുത്താനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ ഇന്നത്തെ ശൈലി സെക്കുലര്‍ ശൈലിയല്ല. ഒരു ആര്‍.എസ്.എസ് ശൈലിയിലേക്ക് ഗവര്‍ണര്‍ പൂര്‍ണമായി മാറി. ചില ഉന്നത സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് ഗവര്‍ണര്‍ ഇങ്ങനെ ചെയ്യുന്നതെന്ന സംസാരമുണ്ട്. പക്ഷേ അതിനുവേണ്ടി ഒരു മനുഷ്യന്‍ ഇത്രയും ചീപ്പാകരുതെന്നും മുരളീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ പണ്ട് കോണ്‍ഗ്രസിനേയും ജനതാ ദളിനേയും പ്രതിനിധീകരിച്ച് മന്ത്രിയായ ആളാണ്. പിന്നെ ബി.എസ്.പിയില്‍ പോകുകയും അവസാനം ബി.ജെ.പിയിലെത്തി ഗവര്‍ണറാകുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ ആഗ്രഹം തീരുന്നില്ല. അതിനുവേണ്ടി പ്രവാചകനെ പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ പ്രസ്താവന നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

ബംഗാള്‍ ഗവര്‍ണറെ കവച്ചുവെക്കുന്ന രീതിയിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന നിലപാടാണ് ഗവര്‍ണറുടേത്. ഒരു നാട്ടിലും മാനേജ്‌മെന്റിന് എന്തും ചെയ്യാനുള്ള ലൈസന്‍സ് നല്‍കരുത്.
യൂണിഫോമില്‍ ഭരണഘടനാവകാശം ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനാണ് ശ്രമമാണ് ഇതിന് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങള്‍ ശരിയല്ല. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് മനസിലാക്കാമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Content Highlights:  Governor’s response to Karnataka’s hijab controversy unfortunate ‘ K. Muraleedharan MP