| Sunday, 18th April 2021, 2:25 pm

കൊവിഡ് വ്യാപനം; പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം; മലയാളം, ആരോഗ്യ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് നിര്‍ദേശം.

ഇതേതുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മലയാളം സര്‍വ്വകലാശാല മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയിലേക്കുള്ള പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.

നേരത്തെ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് കാണിച്ച് ശശി തരൂര്‍ എം.പി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പരീക്ഷകള്‍ നടത്താനുള്ള സര്‍വ്വകലാശാലകളുടെ തീരുമാനത്തിനെതിരെ അദ്ദേഹം വിമര്‍ശനവും ഉന്നയിച്ചിരുന്നു.

പരീക്ഷ നടത്താനുള്ള തീരുമാനം നിരുത്തരവാദപരമാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ മാറ്റി വെച്ചിരുന്നു.

Content Highlights: Governor’s proposal to change exams; Malayalam and Health University examinations postponed

We use cookies to give you the best possible experience. Learn more