തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്ല് ഗവര്‍ണര്‍ തള്ളി. ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. നേരത്തെ ബില്ലിനാധാരമായ ഓര്‍ഡിനന്‍സ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്ന നിയമം.
ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതോടെ സുപ്രീംകോടതി സ്റ്റേ ചെയ്ത ഓര്‍ഡിനന്‍സ് സ്വാഭാവിക കാലാവധി കഴിഞ്ഞ് അസാധുവാകും. സുപ്രീം കോടതി സ്റ്റേ ചെയ്തതിനാല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല.
സുപ്രീംകോടതി ഉത്തരവ് അവഗണിച്ചാണ് സര്‍ക്കാര്‍ നിയമം പാസാക്കിയത്. ആരോഗ്യസെക്രട്ടറിയും നിയമ സെക്രട്ടറിയും ബില്ലിനെ എതിര്‍ത്തിരുന്നു. ഇതുകൂടി പരിഗണിച്ച് ഉദ്യോഗസ്ഥരുടെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്.
Watch This Video: