മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ; നടപടിയെ ചോദ്യം ചെയ്ത് ശിവസേന
national news
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ; നടപടിയെ ചോദ്യം ചെയ്ത് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th November 2019, 2:00 pm

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്ത് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി. 20 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകാത്തതിനാലാണ് ഗവര്‍ണറുടെ ശുപാര്‍ശ. രാഷ്ട്രപതി ഭരണം മാത്രമാണ് ഏക മാര്‍ഗമെന്നും ശുപാര്‍ശയില്‍ പറയുന്നു.

എന്‍.സി.പിക്കു നല്‍കിയ സമയം അവസാനിക്കാതെ എങ്ങനെയാണ് ഗവര്‍ണര്‍ക്കു രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്യാനാവുകയെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുര്‍വേദി ചോദിച്ചു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.

അതേസമയം ഇന്നാണ് എന്‍.സി.പിക്കു നല്‍കിയ സമയം അവസാനിക്കുക. ഇതിനുമുന്‍പ് അവസാനവട്ട ചര്‍ച്ചകള്‍ക്കായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച കാണാനായി കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുംബൈയിലെത്തി. അല്‍പ്പസമയത്തിനകം അവര്‍ കൂടിക്കാഴ്ച നടത്തും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്താണു ചര്‍ച്ച ചെയ്യുന്നതെന്നു പറയാന്‍ പറ്റില്ലെന്നും എന്നാല്‍ ജനാധിപത്യ രീതിയിലായിരിക്കും ചര്‍ച്ചയെന്നും ഖാര്‍ഗെ പ്രതികരിച്ചു.

എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ തെരഞ്ഞെടുപ്പിനു മുന്‍പേ സഖ്യമുണ്ട്. ചര്‍ച്ചയ്ക്കു ശേഷമേ ബാക്കി കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും ഖാര്‍ഗെ പറഞ്ഞു.

ഇവരെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ബാലാസാഹേബ് തൊറാട്ട്, അശോക് ചവാന്‍ എന്നിവരും പവാറുമായുള്ള കൂടിക്കാഴ്ചയിലുണ്ടാകും.

ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ തള്ളി പവാര്‍ രംഗത്തെത്തിയിരുന്നു. പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്നു രാവിലെ മുംബൈയിലേക്കു പോകാനിരുന്ന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ യാത്ര റദ്ദാക്കിയത് പവാറിനെ ചൊടിപ്പിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു പകരം ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണാനാണ് അവര്‍ പവാറിനോടു നിര്‍ദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഈ സമീപനമാണ് പവാറിനെ രോഷാകുലനാക്കിയത്.

‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? എനിക്കൊന്നും അറിയില്ല’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പവാറിന്റെ പ്രതികരണം.

മാത്രമല്ല, പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അതില്‍ താത്പര്യമില്ലെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയിലെയോ ഗോവയിലെയോ പോലെ ‘ഓപ്പറേഷന്‍ താമര’യുടെ അപകടസാധ്യത വിളിച്ചുവരുത്താന്‍ വയ്യെന്നും അവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.