തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ പ്രശംസ കൊണ്ട് മൂടി ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഐക്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ചതായും സദാശിവം പറഞ്ഞു. ദേശീയ വിദ്യാര്‍ത്ഥി പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം അന്തരിച്ചപ്പോള്‍ രാമേശ്വരത്തേക്ക് പോകനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എനിക്ക് ഒരു മണിക്കൂറിനുള്ളില്‍ ചെറു വിമാനം ഏര്‍പ്പാടാക്കിത്തന്നു. മുഖ്യമന്ത്രിയും ഞാനും പ്രതിപക്ഷ നേതാവ് അച്ചുതാനന്ദനും ഒരുമിച്ചാണന്ന് യാത്ര പോയത്. മധുരയില്‍ നിന്ന് രാമേശ്വരത്തേക്കും ഒരേ കാറിലാണ് യാത്ര ചെയ്തത്. മൂന്നു പേരെയും ഒരുമിച്ച് കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു- ഇതാണ് കേരളം!”- മോദിയെപ്പോലും വിസ്മയിപ്പിച്ച് കേരളത്തിന്റെ രാഷ്ട്രീയ എൈക്യത്തെക്കുറിച്ച് ഗവര്‍ണര്‍ വാചാലനായി.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും താനും ഒരുമിച്ചാണ് ചെന്നൈയില്‍ പോയതെന്നും അത് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും ചെയ്തതായി ഗവര്‍ണര്‍ പറഞ്ഞു.
തന്റെ സ്വന്തം നാടായ തമിഴ്‌നാട്ടില്‍ എതിര്‍പാര്‍ട്ടിയിലെ മന്ത്രിമാര്‍ നേരിട്ടു കണ്ടാല്‍ തയ്യാറാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പരസ്പരം സൗഹൃദം പുലര്‍ത്താറുണ്ടെന്നും സഹകരിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ പോരായ്മകള്‍ ജനാധിപത്യത്തിനകത്തു നിന്ന് പരിഹരിക്കണമെന്നും, രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മഹാപ്രളയത്തിന്റെ സമയത്ത് പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് സന്ദര്‍ശിച്ചതും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.