കഴിഞ്ഞുപോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടം; നയപ്രഖ്യാപന പ്രസംഗത്തില്‍ പി സദാശിവം
Daily News
കഴിഞ്ഞുപോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടം; നയപ്രഖ്യാപന പ്രസംഗത്തില്‍ പി സദാശിവം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2016, 9:10 am

തിരുവനന്തപുരം: കഴിഞ്ഞുപോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവം. പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ആരംഭിച്ച പ്രസംഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് ഗവര്‍ണര്‍ പ്രാമുഖ്യം നല്‍കി. നയപ്രഖ്യാനത്തില്‍ നിന്നും പിന്മാറണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം 50 ശതമാനം പൂര്‍ത്തിയായെന്നും കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ ആരംഭിക്കുമെന്നും  സ്മാര്‍ട് സിറ്റി ആദ്യ ഘട്ടം അടുത്തമാസം ആരംഭഇക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ 90 ശതമാനത്തിലധികം നടപ്പിലാക്കി. ഇക്കാലയളവില്‍ ദേശീയ ശരാശരിയേക്കാള്‍ കേരളത്തിന് ശരാശരി വളര്‍ച്ചയുണ്ടായെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതി കേരളം നേടി. ഐ.ടി കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും 18,000 കോടിരൂപയുടെ വരുമാനം ഈ വര്‍ഷം ഐടിയില്‍ നിന്നുണ്ടാകുമെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1200 രൂപ പ്രതിമാസം സഹായധനം നല്‍കി. എല്ലാ പഞ്ചായത്തിലും സപ്ലൈക്കോ ഔട്‌ലെറ്റുകള്‍ സ്ഥാപിക്കും. പട്ടികവിഭാഗക്കാര്‍ക്കായുള്ള ആദ്യ മെഡിക്കല്‍ കോളേജ് പാലക്കാട് ആരംഭിച്ചു.എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. റബ്ബറിന് താങ്ങുവില 150 രൂപയാക്കി, ഇതിന് വേണ്ടി 300 കോടിരൂപ മാറ്റിവെച്ചു തുടങ്ങിയ സര്‍ക്കാരിന്റെ നേട്ടങ്ങളും ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിച്ചു.

നയപ്രഖ്യാപനത്തിനിടെ പ്രതിഷേധവുമായി രംഗത്ത് വന്ന പ്രതിപക്ഷനേതാക്കളോട് ശാന്തരായിരിക്കണമെന്നും ഇല്ലെങ്കില്‍ സഭവിട്ടുപോകണമെന്നും ഭരണഘടനാപരമായ തന്റെ ചുമതല ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ന്ന് സഭവിട്ടുപോയ പ്രതിപക്ഷം പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.