ഗവര്‍ണര്‍ ഇസ്‌ലാമിന് പുറത്ത്: വിമര്‍ശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
Kerala News
ഗവര്‍ണര്‍ ഇസ്‌ലാമിന് പുറത്ത്: വിമര്‍ശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th February 2022, 3:36 pm

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തമ വിശ്വാസിയല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്. ഇതര മതസ്ഥരുടെ ആചാരമോ വേഷമോ സ്വീകരിച്ചവര്‍ ഇസ്‌ലാമിന് പുറത്താണെന്നും ഹമീദ് ഫൈസി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്റെ ശബരിമല സന്ദര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

ഹിജാബ് വിഷയത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ശരീഅത്ത് വിവാദത്തിലും അദ്ദേഹം നിന്നത് ഇസ്‌ലാമിക വിരുദ്ധര്‍ക്കൊപ്പമാണെന്നും ഹമീദ് പറഞ്ഞു.

‘ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം കൂടുതല്‍ വലിയ പദവികള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ഇസ്‌ലാമിനെ പരിഹസിച്ചും പുച്ഛിച്ചും രംഗത്ത് വന്നിരിക്കുന്നു. ഒരു മുസ്‌ലിം ഇതര മതസ്ഥരുടെ ദേവാലയങ്ങളിലേക്ക് പോവുകയോ ആചാരങ്ങള്‍ പിന്തുടരുകയോ വേഷം ധരിക്കുകയോ ചെയ്താല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താണ്. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇസ്‌ലാമിന് അകത്ത് നിന്ന് കൊണ്ടല്ല ഇസ്‌ലാമിന് പുറത്തേക്കുള്ള വാതിലില്‍ നിന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍,’ ഹമീദ് ഫൈസി കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനാണ് ശ്രമമാണ് ഇതിന് പിന്നിലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് മനസിലാക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.

പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നവരാണെന്നും ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്.


Content Highlights: Governor out of Islam: Hamid Faizi Ambalakadavu