ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട് സര്‍ക്കാര്‍.
പേരറിവാളനെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഗവര്‍ണര്‍ എതിരുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.
മന്ത്രിസഭയുടെ തീരുമാനത്തെ എതിര്‍ക്കുക മാത്രമല്ല, വിഷയം പ്രസിഡന്റിന്റെ പരിഗണനയ്ക്കായി അദ്ദേഹം കൈമാറിയെന്നും ഗവര്‍ണര്‍ക്കോ രാഷ്ട്രപതിക്കോ മന്ത്രിസഭാ യോഗത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളെ ഗവര്‍ണര്‍മാര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാല്‍ ജനാധിപത്യം താറുമാറാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം പേരളിവാളനെ മോചിപ്പിക്കണമെന്ന തീരുമാനത്തോട് ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് കാബിനറ്റിന് തന്നെ തിരിച്ചയക്കുകയായിരുന്നു വേണ്ടതെന്ന് ജസ്റ്റിസ് എല്‍.എന്‍ റാവു പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഗവര്‍ണര്‍ക്ക് ഇതേ നിലപാടാണെന്നും ഇതിനിടയില്‍ പ്രയാസപ്പെടുന്നത് ശിക്ഷിക്കപ്പെട്ടയാളാണെന്നും കോടതി പറഞ്ഞു.
30 വര്‍ഷത്തിലധികം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പേരറിവാളന്‍ സമര്‍പ്പിച്ച ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണര്‍ക്ക് എതിരെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
രാജീവ് ഗാന്ധി വധക്കേസില്‍ അറസ്റ്റിലായ പേരറിവാളന് എന്തുകൊണ്ടാണ് ജാമ്യം നിഷേധിക്കുന്നതെന്ന ചോദ്യം സുപ്രീം കോടതി നേരത്തെ ഉന്നിച്ചിരുന്നു. ചെയ്ത കുറ്റത്തിന് കുറഞ്ഞ കാലയളവ് ശിക്ഷ അനുഭവിച്ചവരെപ്പോലും വിട്ടയക്കുമ്പോള്‍ പേരറിവാളന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.
1991 ജൂണിലാണ് മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ പേരറിവാളനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. വധശിക്ഷയായിരുന്നു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.
മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നതുള്‍പ്പെടെയുള്ള ഉപാധിയോടെ ജയിലിലെ നല്ലനടപ്പും 32 വര്‍ഷത്തെ തടവും പരിഗണിച്ച് 2022 മാര്‍ച്ചിലാണ് പോരറിവാളന് കോടി ജാമ്യം അനുവദിച്ചത്.