അഹമ്മദാബാദ്: ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ കൗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍. പശുവിന്‍ പാല്‍, ഗോ മൂത്രം, ചാണകം എന്നിവയെപ്പറ്റിയുള്ള പഠനങ്ങള്‍ സംഘടിപ്പിക്കാനാണു പുതിയ സെന്റര്‍ സ്ഥാപിച്ചതെന്നാണു സര്‍ക്കുലറില്‍ പറയുന്നത്.
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത് ആണു സെന്റര്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്. രാഷ്ട്രീയ കാമധേനു ആയോഗിനു കീഴിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.
പശുവിന്റെ ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിരവധി ഉത്പ്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയ്ക്കു രൂപം നല്‍കുമെന്നും ഇതിലൂടെ നൂറുകണക്കിനു ഗ്രാമീണ സ്ത്രീകള്‍ക്കു തൊഴില്‍ ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
പശുവിനെപ്പറ്റിയോ അവ നല്‍കുന്ന ഉത്പ്പന്നങ്ങളെപ്പറ്റിയോ ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ പരമ്പരാഗത അറിവുകളെ ശാസ്ത്രീയമായി എങ്ങനെ ഉപയോഗിക്കാമെന്നു പരീക്ഷിക്കുകയാണു സെന്ററിലൂടെ ശ്രമിക്കുന്നതെന്നും ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നവീന്‍ സേഥ് പറഞ്ഞു.