യാത്ര പോലും റദ്ദാക്കി ഗവര്‍ണര്‍ കാത്തിരുന്നു; ഫഡ്‌നാവിസ് എത്തിയപ്പോള്‍ എല്ലാം തയ്യാര്‍; 'മഹാനാടകം' ഇങ്ങനെ
Maharashtra
യാത്ര പോലും റദ്ദാക്കി ഗവര്‍ണര്‍ കാത്തിരുന്നു; ഫഡ്‌നാവിസ് എത്തിയപ്പോള്‍ എല്ലാം തയ്യാര്‍; 'മഹാനാടകം' ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 12:27 pm

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നു രാവിലെ ഇങ്ങനെയൊക്കെ നടക്കുമെന്നു ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ഇന്നലെത്തന്നെ അറിഞ്ഞിരുന്നെന്നു വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍. തന്റെ ദല്‍ഹി സന്ദര്‍ശനം റദ്ദാക്കിയാണ് ഗവര്‍ണര്‍ ഇന്നു രാവിലെ സത്യപ്രതിജ്ഞ നടത്തിയത്.

മൂന്നുദിവസത്തെ ദല്‍ഹി സന്ദര്‍ശനമാണ് ഗവര്‍ണര്‍ റദ്ദാക്കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ ഗവര്‍ണറുടെ വീട്ടിലെത്തി സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിക്കുമ്പോള്‍ത്തന്നെ, സത്യപ്രതിജ്ഞ ചെയ്യാനുള്ള പോയിഡവും മൈക്രോഫോണുകളും രാജ്ഭവനില്‍ തയ്യാറായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ സമയം ഏഴര. തന്റെ കുടുംബാംഗങ്ങളുമായാണ് ഫഡ്‌നാവിസ് രാജ്ഭവനിലെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന്റെ കൃത്യം ഒരു മണിക്കൂര്‍ മുന്‍പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക വിജ്ഞാപനത്തിലൂടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം റദ്ദാക്കുന്നത്.

ആഭ്യന്തര മന്ത്രാലയ വിജ്ഞാപനപ്രകാരം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഇന്ന് രാവിലെ രാഷ്ട്രപതി ഭരണം റദ്ദാക്കാനുള്ള പ്രഖ്യാപനം ഇറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പുലര്‍ച്ചെ 5.47 നാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

170 എം.എല്‍.എമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് പവാറിന് എന്‍.സി.പിയിലെ 35 എം.എല്‍.എമാരുടെ പിന്തുണയെന്നും ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്തുണയുള്ള എം.എല്‍.എമാരുടെ പട്ടിക അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറും. അജിത് പവാറായിരിക്കും എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതാവ്. എന്‍.സി.പിയുടെ എല്ലാ എം.എല്‍.എമാരുടേയും പിന്തുണ അജിത് പവാറിനുണ്ടെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.