കങ്കണയെ കാണാം, കര്‍ഷകരെ കാണാന്‍ നേരമില്ല; മഹാരാഷ്ട്ര ഗവര്‍ണറോട് ശരദ് പവാര്‍
national news
കങ്കണയെ കാണാം, കര്‍ഷകരെ കാണാന്‍ നേരമില്ല; മഹാരാഷ്ട്ര ഗവര്‍ണറോട് ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th January 2021, 5:43 pm

മുംബൈ: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. മഞ്ഞും തണുപ്പും വകവെയ്ക്കാതെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന് പവാര്‍ പറഞ്ഞു.

‘കഴിഞ്ഞ 60 ദിവസമായി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ സമരം ചെയ്യുകയാണ്. കേന്ദ്രം പറയുന്നു സമരം ചെയ്യുന്നത് പഞ്ചാബില്‍ നിന്നുള്ളവരാണെന്ന്. പഞ്ചാബ് എന്താ പാകിസ്താനിലാണോ? അവരും നമ്മുടെ പൗരന്‍മാരാണ്’, പവാര്‍ പറഞ്ഞു.

നിയമങ്ങള്‍ പാസാക്കുന്നതിന് മുമ്പ് പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് പവാര്‍ പറഞ്ഞു. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകരും തെരുവില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നിലും കര്‍ഷകര്‍ പ്രതിഷേധവുമായി എത്തി.

എന്നാല്‍ മഹാരാഷ്ട്രയില്‍ ഇതുപോലൊരു ഗവര്‍ണറെ ഒരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു പവാറിന്റെ വിമര്‍ശനം.

‘പ്രതിഷേധവുമായി എത്തിയ കര്‍ഷകരോട് സംസാരിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയ്ക്ക് സമയമില്ല. ആ സമയത്ത് കങ്കണയുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹത്തിന് താല്‍പര്യം’, പവാര്‍ പറഞ്ഞു.

അതേസമയം കര്‍ഷകര്‍ക്ക് ദല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം പ്രവേശിക്കാനാണ് അനുമതി. റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടാക്കരുത് എന്ന കര്‍ശന നിര്‍ദേശവുമുണ്ട് കര്‍ഷകര്‍ക്ക്.

രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടര്‍ റാലി നടത്താന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളടങ്ങിയ നിര്‍ദേശങ്ങള്‍ ദല്‍ഹി പൊലീസ് കര്‍ഷക സംഘടന പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്.

റാലിയില്‍ എത്ര ട്രാക്ടറുകള്‍ അണിനിരക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശക്തമായ പൊലീസ് സന്നാഹമാണ് ട്രാക്ടര്‍ റാലിയോടനുബന്ധിച്ച് ഒരുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന് സുരക്ഷയൊരുക്കുന്ന പൊലീസുകാര്‍ തന്നെ ട്രാക്ടര്‍ റാലിക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് പരിപാടികള്‍ക്കും തയ്യാറാകണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ 11ാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

പത്താംഘട്ട ചര്‍ച്ചയില്‍ ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇത് നിരസിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sarath Pawar On Farmers Law