ഛണ്ഡീഗഡ്: ഗവർണർ സർക്കാരിനെതിരെ നിഴൽ യുദ്ധത്തിൽ ഏർപ്പെടുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ വി.സിയായി ഡോ. സത്ബീർ സിങ്ങിനെ നിയമിച്ചതിന് പിന്നാലെയാണ് സർക്കാരും ഗവർണറും തമ്മിലെ പോര് ശക്തമായത്.
ഓഗസ്റ്റിൽ നടത്തിയ നിയമനം യു.ജി.സിയുടെ നടപടിക്രമങ്ങൾ പാലിക്കാതെയും ചാൻസലറായ തന്റെ അനുമതി തേടാതെയുമാണെന്നാണ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ ആരോപണം. ദിവസങ്ങൾക്ക് മുമ്പ് സത്ബീർ സിങ്ങിനെ വി.സി സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് പുരോഹിത് രംഗത്തെത്തിയിരുന്നു. ഇതാണ് പുതിയ തർക്കങ്ങൾക്ക് വഴിവെച്ചത്.
അതേസമയം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടേണ്ടതില്ല എന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കത്തും മാൻ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
എന്നാൽ മാൻ പങ്കുവെച്ച കത്ത് പഞ്ചാബി ഭാഷയിലാണെന്നും തങ്ങൾക്ക് ലഭിച്ച കത്ത് ഇംഗ്ലീഷിലാണെന്നും രാജ്ഭവൻ ചൂണ്ടിക്കാണിക്കുന്നു, രണ്ട് കത്തുകളും തമ്മിൽ വസ്തുതാപരമായ വ്യത്യാസങ്ങൾ ഉണ്ടെന്നും ആരോപണമുണ്ട്.
1970ലെ ഹരിയാന-പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ് കാർഷിക സർവ്വകലാശാലയുടെ വി.സിയെ നിയമിച്ചതെന്ന് ഗവർണർക്ക് അയച്ച കത്തിൽ മാൻ വ്യക്തമാക്കിയിരുന്നു.
അതിൽ ഒരു മുഖ്യമന്ത്രിക്കോ ഗവർണർക്കോ റോളില്ല. കാർഷിക സർവ്വകലാശാലയുടെ വി.സിമാരായി ബൽദേവ് സിങ് ധില്ലനെയും എം.എസ്. കാങ്ങിനെയും മുമ്പ് നിയമിച്ചതിനെ ഉദ്ധരിച്ചായിരുന്നു മാനിന്റെ കത്ത്. മുമ്പ് വി.സികളെ നിയമിച്ചപ്പോഴൊന്നും ഗവർണറിന്റെ അനുവാദമോ സമ്മതമോ ആവശ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് ഡോ. ഗോസാലിനേയും അപ്രകാരമാണ് നിയമിച്ചിരിക്കുന്നത്.
ശാസ്ത്രജ്ഞനാണ് ഡോ. ഗോസൽ. അദ്ദേഹം ആദരണീയനായ ഒരു സിഖുകാരൻ കൂടിയാണ്. അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ഉത്തരവ് ലോകമെമ്പാടുമുള്ള പഞ്ചാബികളെ വളരെയധികം അസ്വസ്ഥരാക്കിയതായും മാൻ കത്തിൽ പറയുന്നു.
ഏതാനും മാസങ്ങളായി ഗവർണർ നിരന്തരം ഇടപെടുകയാണെന്നും മാൻ ചൂണ്ടിക്കാട്ടി.
“ആദ്യം പഞ്ചാബ് നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ തടസം സൃഷ്ടിച്ചു, ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ വൈസ് ചാൻസലറുടെ നിയമനം നിങ്ങൾ റദ്ദാക്കി, ഇപ്പോൾ നിങ്ങൾ പി.എ.യു വി.സി നിയമനം റദ്ദാക്കാൻ ഉത്തരവിട്ടു, ഇതെല്ലാം സർക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്,” മാൻ കത്തിൽ പറഞ്ഞു.
എന്നാൽ മാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തും രാജ്ഭവനിൽ ലഭിച്ച കത്തും തമ്മിൽ വസ്തുതാപരമായ വ്യത്യാസങ്ങൾ ഉണ്ടെന്ന് രാജ്ഭവൻ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിയോട് രാജ്ഭവൻ വിശദീകരണം തേടിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
Content Highlight: Governor government war in Punjab; Mann said that the governor is unnecessarily encroaching on the government’s power