തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് ഗവർണർ. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു.
ഇതോടെ പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിലും തീരുമാനമായതായി ഗവർണർക്ക് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ അറിയിക്കും.
ലോകായുക്ത ബിൽ, സഹകരണ നിയമം ഭേദഗതി ബിൽ, സഹകരണ ബിൽ (മിൽമ), സേർച്ച് കമ്മിറ്റി എക്‌സ്പാൻഷൻ ബിൽ, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ, ചാൻസിലർ ബിൽ എന്നിവയാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. പൊതുജനാരോഗ്യ ബില്ലിൽ ഗവർണർ ഒപ്പുവെച്ചു.
പഞ്ചാബ്, തെലങ്കാന, തമിഴ്നാട് ഗവർണർമാർക്കെതിരെയും സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമർപ്പിച്ചിരുന്നു. പഞ്ചാബ് ഗവർണർ ക്കെതിരെ രൂക്ഷവിമർശനം നടത്തിയ സുപ്രീംകോടതി ഈ വിധി പകർപ്പ് വായിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് പറയണമെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
ബില്ലുകൾ പാസാക്കുന്നതിൽ ഗവർണർമാർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന് പഞ്ചാബ് ഗവർണർക്കെതിരായ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
കേസ് കോടതിയിൽ എത്തുന്നതിന് തൊട്ടുമുമ്പായി ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചിരുന്നു. പഞ്ചാബ് തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഹരജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.